ഞായറാഴ്ച വരെ മഴ തുടരും; 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിശക്തമായ മഴയാണ് സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെടുന്നത്. പലയിടത്തും 20 സെന്റി മീറ്റര്‍ വരെ മഴയുണ്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പന്ത്രണ്ട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് പേരാണ് മരിച്ചത്.
അതിശക്തമായ മഴയാണ് സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെടുന്നത്. പലയിടത്തും 20 സെന്റി മീറ്റര്‍ വരെ മഴയുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നാളെ വരെ റെഡ് അലര്‍ട്ട് നീട്ടി. ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ വരെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 39 ഡാമുകളില്‍ 33 എണ്ണവും തുറന്നിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം ചേര്‍ന്നു. മുല്ലപ്പെരിയാര്‍ തുറന്ന സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് ഉന്നതതലയോഗത്തിന്റെ വിലയിരുത്തല്‍ . കുടിവെള്ള പ്രശ്നമാണ് കൂടുതല്‍ രൂക്ഷമാകുക. ഇത് പരിഹരിക്കാന്‍ കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെടും. നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതിനാല്‍ തിരുവനന്തപുരത്ത് വിമാനം ഇറക്കുന്നതിനുള്ള ഏകോപന ചുമതല ഡിജിപിക്ക് നല്‍കി.
കനത്ത മഴയില്‍ മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്നാറില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു . ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ഉരുള്‍പ്പൊട്ടി ഇന്നലെ കാണാതായ വൃദ്ധയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. പത്തനംതിട്ട റാന്നിയിലും ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു . തിരുവനന്തപുരത്ത് ചുമരിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ അതിപ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
Posted by Chief Minister's Office, Kerala on Tuesday, August 14, 2018
Adjust Story Font
16