Quantcast

14 ജില്ലകളിലും റെഡ് അലര്‍ട്ട്; 33 ഡാമുകള്‍ തുറന്നു LIVE BLOG

ഇന്നലെ ഉരുള്‍ പൊട്ടിയ കണ്ണപ്പന്‍കുണ്ടിലടക്കം രാത്രി മലവെള്ളപ്പാച്ചിലുണ്ടായി. താമരശ്ശേരി ചുരത്തിലും രാത്രി വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി

MediaOne Logo

Web Desk

  • Published:

    15 Aug 2018 4:08 PM GMT

14 ജില്ലകളിലും റെഡ് അലര്‍ട്ട്; 33 ഡാമുകള്‍ തുറന്നു LIVE BLOG
X
വി.എം സുധീരന്‍റെ വീട്ടില്‍ വെള്ളം കയറി
പ്രളയജലത്തില്‍ മുങ്ങിയ നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍
ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍ പൊട്ടി 3 മരണം

ഇടുക്കി നെടുങ്കണ്ട പച്ചടി പത്തുവളവിലുണ്ടായ ഉരുൾപൊട്ടലില്‍ മൂന്ന് പേർ മരിച്ചു. താറാവിള വീട്ടിൽ പീറ്റർ തോമസ്(72), ഭാര്യ റോസമ്മ(70), മകന്റെ ഭാര്യ ജോളി(43) എന്നിവരാണ് മരിച്ചത്. പീറ്ററിന്റെ മകൻ ജയനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറച്ചുകൊണ്ടുവരണം: തമിഴ്നാടിന് കേരളത്തിന്റെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കണം.

മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാടിന്‍റെ എഞ്ചിനീയര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് മുഖ്യമന്ത്രി അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍ പൊട്ടി; ഒരാള്‍ മരിച്ചു

ഇടുക്കി നെടുങ്കണ്ടം പത്താം വളവില്‍ ഉരുള്‍ പൊട്ടി ഒരാള്‍ മരിച്ചു. ഇടുക്കി ജില്ലയില്‍ മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണീാം നാലായി.

എറണാകുളത്ത് പ്രളയം

എറണാകുളത്ത് ശക്തമായ മഴ. വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

റാന്നി ഒറ്റപ്പെട്ടു

പമ്പാ നദിയിലെ വെള്ളം കയറി റാന്നി ഒറ്റപ്പെട്ടു. പത്തനംതിട്ട റാന്നി താലൂക്കില്‍ 300ഓളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന എത്തി.

ചെറുതോണിക്ക് സമീപം ഉരുള്‍പൊട്ടല്‍

ചെറുതോണിക്ക് സമീപം ഗാന്ധിനഗര്‍ കോളനിയില്‍ ഉരുള്‍പൊട്ടി. 3പേര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടു.

ഇടുക്കിയില്‍ വ്യാപക ഉരുള്‍പൊട്ടല്‍

ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ജില്ലാ ആശുപത്രിക്ക് സമീപവും ഇടുക്കി ആലുഞ്ചോടും ആണ് ഉരുള്‍പൊട്ടലുണ്ടായത്.

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരണം 8 ആയി

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു. മുഹമ്മദലി, മൂസ ഇല്ലിപറമ്പ്, സഫ്‌വാന്‍, ഇര്‍ഫാന്‍ അലി, മുഷ്ഫിക്ക്, ഹൈറുന്നിസ, ബഷീര്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.

വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞു. മുകളിലെ നില വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്. കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്ന ആശങ്കയില്‍ തെരച്ചില്‍ തുടരുകയാണ്.

അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം

ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ കർശന നിർദ്ദേശം. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടൽ സാധ്യതാ മുന്നറിയിപ്പുമുണ്ട്.

പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പമ്പയിലേക്കുള്ള ബസ് സർവ്വീസ് കെ.എസ്.ആർ.ടി.സി നിര്‍ത്തിവച്ചു. പമ്പ മുതൽ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പമ്പയിലെ ഒഴുക്ക് കൂടുതൽ രൂക്ഷമായിട്ടുണ്ട്. കൊമ്പു പമ്പാ ഡാമിന്‍റെ ഷട്ടറുകൾ കൂടുതലായി തുറന്നിട്ടുണ്ട്. പമ്പയിൽ വൈദ്യുതി ബന്ധവും ഫോൺ ബന്ധവും തകരാറിലായിട്ടുണ്ട്. പൂർണ്ണമായും ശബരിമലയും പമ്പയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അയ്യപ്പഭക്തരെ ശബരിമലയിലേക്ക് കടത്തിവിടില്ല. പൊലീസ് പമ്പയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പാതകൾ അടച്ചിട്ടു.

ആലുവയില്‍ വെള്ളം കയറുന്നു

ആലുവ മുതല്‍ കളമശ്ശേരി വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. ചൂര്‍ണിക്കരയിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ മാറ്റി.

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരണം 5 ആയി

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 5 മരണം. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

യാത്ര നിരോധിച്ചു

കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര നിരോധിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് യാത്രാനിരോധം.

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി ജില്ലാ ആശുപത്രിക്ക് സമീപം ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ പ്രദേശവാസിയെ കാണാനില്ലെന്ന് സംശയം.

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാല് മരണം

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാല് മരണം. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.

8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.

പരീക്ഷകള്‍ മാറ്റി: കണ്ണൂര്‍ സര്‍വകലാശാല(വ്യാഴം), കേരള (വ്യാഴം,വെള്ളി) കൊച്ചി (വ്യാഴം,വെള്ളി,ശനി) ആരോഗ്യസര്‍വകലാശാല (വ്യാഴം,വെള്ളി). പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.

39ഡാമുകളില്‍ 33ഉം തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു. ആകെ 39ഡാമുകളാണ് സംസ്ഥാനത്ത് ഉള്ളത്. 6 ഡാമുകള്‍ ഒഴികെ ബാക്കിയെല്ലാം തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ 13സ്പില്‍വേ വഴി വെള്ളം തുറന്നുവിടുകയാണ്. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്തി. 3480ഘനയടി വെള്ളമാണ് ഡാമില്‍ നിന്നും തുറന്നുവിടുന്നത്. ഇടമലയാര്‍ ഡാമിന്റെ സംഭരണശേഷിയും കവിഞ്ഞു. 169.1 അടിയായി ജലനിരപ്പ് ഉയര്‍ന്നു. 169 ആണ് ഡാമിന്റെ സംഭരണശേഷി.

ഹജ്ജ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന്

കനത്ത മഴയെത്തുടര്‍ന്ന് ഹജ്ജ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. 1224 ഹാജിമാര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

മലപ്പുറം ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിനുള്ളില്‍‌ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

മൂന്നാറില്‍ ഉരുൾപൊട്ടല്‍

മൂന്നാര്‍ പള്ളിവാസൽ 2ആം മൈലിൽ ഉരുൾ പൊട്ടി. വനത്തിനകത്താണ് ഉരുൾ പൊട്ടിയത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം മുടങ്ങി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്തി. ഈ സാഹചര്യത്തില്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം ഒഴുക്കി വിടും. മഴ തുടരുന്നതിനാല്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പും വര്‍ധിച്ചു. 3 മണി മുതല്‍ സെക്കന്‍ഡില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ജില്ലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം ഇന്ന് കണ്ടെടുത്തു. പെരിയാറിന്റെ കരകളില്‍ 100മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണം.

സംസ്ഥാനമാകെ റെഡ് അലര്‍ട്ട്

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനമാകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാട് ജില്ലയില്‍ മഴക്ക് നേരിയ ശമനം

വയനാട് ജില്ലയില്‍ മഴക്ക് നേരിയ ശമനം . എന്നാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പനമരം മേഖലയില്‍ വീണ്ടും വെള്ളം കയറി.

മഴയില്‍ മൂന്നാര്‍‌ ഒറ്റപ്പെട്ടു

കനത്ത മഴയില്‍ മൂന്നാര്‍‌ ഒറ്റപ്പെട്ടു. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ആറ്റുകാട് മേഖലയില്‍ പാലം ഒലിച്ചുപോയി. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുമുണ്ട്.

പമ്പാ നദിയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലെ പമ്പാ നദിയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റാന്നി, ആറന്‍മുള, കോഴ‍ഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള പുഴകള്‍ കര കവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള പുഴകള്‍ കര കവിഞ്ഞു. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.

മണ്ണിടിച്ചില്‍; കോട്ടയം-കുമളി റോഡിൽ ഗതാഗതം തടസപ്പെട്ടു

കോട്ടയത്തും അതിശക്തമായ മഴ തുടരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പെരുവന്താനത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോട്ടയം-കുമളി റോഡിൽ ഗതാഗതം തടസപ്പെട്ടു.

കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറി

ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു. വെള്ളമിറങ്ങിയ കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറി . എ.സി റോഡില്‍ ഗതാഗതം വീണ്ടും സ്തംഭിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചക്ക് 2 വരെയാണ് നിര്‍ത്തി വച്ചിരുന്നത്.

മലപ്പുറം ജില്ലയില്‍ വ്യാപക നാശം

ശക്തമായ മഴയില്‍ മഴയില്‍ മലപ്പുറം ജില്ലയില്‍ വ്യാപക നാശം. മലപ്പുറം,കൊണ്ടോട്ടി, നിലമ്പൂര്‍ ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.

കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടി

കണ്ണൂര്‍ കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടി. കൊട്ടിയൂര്‍ കണ്ടപ്പുനത്താണ് ഉരുള്‍ പൊട്ടിയത് .15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി കനത്ത മഴ തുടരുന്നു . നാടും നഗരവും വെള്ളത്തിലാണ് . ഡാമുകളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി ഇന്ന് മാത്രം ഇതുവരെ 6 പേര്‍ മരിച്ചു. മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്നാറില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു . കുഞ്ചിത്തണ്ണിയില്‍ ഉരുള്‍പൊട്ടി ഇന്നലെ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.

തൃശൂരും പത്തനംതിട്ട റാന്നിയിലും ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു . കേരളത്തില്‍ 12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് . സര്‍വ്വ സജ്ജരായിരിക്കാന്‍ നേവിക്കും സൈന്യത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . നിരവധി സ്ഥലങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകകയാണ്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുകയാണ്.

18 വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ കനത്ത മഴ തുടരുന്നു. 18 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്.

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 അടിയാക്കി ഉയര്‍ത്തി

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 അടിയാക്കി ഉയര്‍ത്തി. കില്ലിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പരിസര പ്രദേശങ്ങളിലും വെള്ളം കയറി.

കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം ജില്ലയിലും ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി കൈതക്കുണ്ടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറ ഭർത്താവ് അസീസ് മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. വിമാനത്താവളത്തിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് മണി വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി സിയാല്‍ അറിയിച്ചു.

പമ്പാ തീരത്ത് റെഡ്അലര്‍ട്ട്, ശബരിമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്ന നാലായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് പമ്പാ തീരത്ത് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു. ശബരിമല വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. വെള്ളം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര കവിഞ്ഞൊഴുകി പെരിയാര്‍

മുല്ലപ്പെരിയാറും ഇടമലയാറും തുറന്ന് വിട്ടതോടെ പെരിയാറും കര കവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറവും പരിസര പ്രദേശങ്ങളും ഇതിനോടകം തന്നെ വെള്ളത്തിനടിയിലാണ്. പെരിയാര്‍ പ്രദേശത്ത് താമസിക്കുന്ന നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി പിന്നിട്ടതിനെ തുടര്‍ന്ന് ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. സെക്കന്‍ഡില്‍ 3480 ഘന അടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്.

കോഴിക്കോട് കനത്ത മഴ; കണ്ണപ്പന്‍കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ ഉരുള്‍ പൊട്ടിയ കണ്ണപ്പന്‍കുണ്ടിലടക്കം രാത്രി മലവെള്ളപ്പാച്ചിലുണ്ടായി. താമരശ്ശേരി ചുരത്തിലും രാത്രി വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.

TAGS :

Next Story