‘മലയാളികള്‍ക്ക് ഒന്നും അയക്കണ്ട; അവര്‍ക്കൊന്നും ആവശ്യമില്ല; പണം സേവാഭാരതിക്ക് അയക്കുക’ കേരളത്തിനെതിരെ വീണ്ടും വിദ്വേഷപ്രചരണം
അയക്കാനുദ്ദേശിക്കുന്ന പണം സേവഭാരതിയുടെ അക്കൌണ്ടിലേക്ക് അയക്കണമെന്നുമാണ് ഇയാളുടെ ആവശ്യം. സുരേഷ് കൊച്ചാട്ടില്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയും ഇത്തരത്തിലുള്ള വിദ്വേഷപോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിദ്വേഷ പ്രചരണം. മലയാളികള്‍ക്ക് ഒന്നും അയക്കേണ്ടെന്നും അവര്‍ക്കൊന്നും ആവശ്യമില്ലെന്നുമുള്ള വോയ്സ് ക്ലിപാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബീഫ് കഴിക്കുന്ന മലയാളികളെ സഹായിക്കരുതെന്ന വിദ്വേഷ പ്രചരണത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും പുതിയ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
സുരേഷ് എന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയുടെ ഇംഗ്ലീഷിലുള്ള 8മിനിറ്റോളം ദൈര്‍ഘ്യമുള്ള വോയ്സ് ക്ലിപാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. താനിപ്പോള്‍ കേരളത്തിലാണെന്നും പ്രളയത്തെത്തുടര്‍ന്ന് ഗതാഗത സൗകര്യമില്ലാതെ അകപ്പെട്ടു പോയെന്നും ഇയാള്‍ പറയുന്നു. അയക്കാനുദ്ദേശിക്കുന്ന പണം സേവഭാരതിയുടെ അക്കൌണ്ടിലേക്ക് അയക്കണമെന്നുമാണ് ഇയാളുടെ ആവശ്യം. സുരേഷ് കൊച്ചാട്ടില്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയും ഇത്തരത്തിലുള്ള വിദ്വേഷപോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
''ഇവിടുത്തെ പ്രളയബാധിതരെല്ലാവരും അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് പണത്തിന്റെ യാതൊരു ആവശ്യവുമില്ല. സാനിറ്ററി നാപ്കിനുകളോ മെഴുകുതിരികളോ ഇവര്‍ക്കാവശ്യമില്ല. നിങ്ങളയയ്ക്കുന്ന നിലവാരമില്ലാത്ത അരി അവര്‍ കഴിക്കില്ല. അവര്‍ ഉയര്‍ന്ന തരം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. ആദ്യം നിങ്ങള്‍ നേരിട്ടുവന്ന് വസ്തുക്കള്‍ നല്‍കാന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ എല്ലായിടത്തും പ്രളയം ബാധിച്ചിട്ടില്ലെന്നും തിരിച്ചറിയണം. ആന്ധ്രയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വസ്ത്രങ്ങള്‍ അയച്ചവര്‍ക്കും ഇതാണ് സംഭവിച്ചത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ലെന്നു പറഞ്ഞ് അവരതു വലിച്ചെറിയുകയായിരുന്നു.'' വോയിസ് ക്ലിപ്പില്‍ പറയുന്നു.
ശേഖരിക്കുന്ന പണം വേണമെങ്കില്‍ ബാധിക്കപ്പെട്ടവരിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കു നല്‍കാം, പക്ഷേ അത് അഞ്ചോ പത്തോ ശതമാനമേ വരൂ എന്നാണ് ഇയാളുടെ വാദം. ''ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിലധികം വസ്തുക്കളുണ്ട്. അരിയും മറ്റ് അവശ്യവസ്തുക്കളുമായി എത്താനൊരുങ്ങുന്നത് നൂറോ ഇരുന്നൂറോ ട്രക്കുകളാണ്. കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവശ്യവസ്തുക്കള്‍ കുമിഞ്ഞു കൂടുകയാണ്, എന്നാല്‍ അതിനൊന്നും ആവശ്യക്കാരില്ല. ആവശ്യമുള്ള ഭക്ഷണം ഇവിടെ ലഭ്യമാണ്. ദയവായി ആരും കേരളത്തിലേക്ക് ഇത്തരം നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും അയയ്ക്കരുത്.''
വെള്ളപ്പൊക്കത്തിലകപ്പെട്ട എല്ലാ വീടുകളിലും സ്വിച്ചുകളും വയറുകളും മാറ്റേണ്ടിവരും, അതിനാല്‍ മരപ്പണിക്കാരേയും ഇലക്ട്രീഷ്യന്മാരേയുമാണ് ഇനി ഇവിടെ ആവശ്യം വരികയെന്നും, എത്രയോ ഇരട്ടിയാണ് കേരളത്തില്‍ ഇവരുടെ പ്രതിഫലമെന്നും ഇയാള്‍ പറയുന്നു.
ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ നേതാവാണെന്നും സംഘപരിവാറിന്റെ പ്രചാരകനാണെന്നുമാണ് ആക്ഷേപം. പ്രളയക്കെടുതിയില്‍ അകപ്പെട്ട മലയാളികളെ അപമാനിക്കുകയും സഹായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും സോഷ്യല്‍മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.
' ചെങ്ങന്നൂർ, പാലാ, റാന്നി യിൽ ഒക്കെ ഉള്ള ആളുകൾ അതി സമ്പന്നർ ആണ്.. അവർക്ക് ഒടുക്കത്തെ ഈഗോ ആണ്.. നിങ്ങൾ അവർക്ക് വല്ലതും...
Posted by Ashkar Lessirey on Sunday, August 19, 2018
Adjust Story Font
16