പ്രളയബാധിതര്‍ക്ക് ആരോഗ്യ പരിപാലനം ഉറപ്പാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍
ക്യാമ്പുകളില്‍ കഴിയുന്നവരെ പരിചരിക്കുന്നതിന് മെഡിസിന്‍ പിജി, നഴ്സിങ് വിദ്യാര്‍ഥികളുടെതടക്കം സേവനം തേടും.
- Published:
20 Aug 2018 2:24 AM GMT
പത്തനംതിട്ടയിലെ പ്രളയ ദുരന്ത ബാധിതര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിപാലനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍. ക്യാമ്പുകളില്‍ കഴിയുന്നവരെ പരിചരിക്കുന്നതിന് മെഡിസിന്‍ പിജി, നഴ്സിങ് വിദ്യാര്‍ഥികളുടെതടക്കം സേവനം തേടും. മെഡിക്കല്‍ സംഘങ്ങളുടെ ഏകോപനം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുന്നതിനും തീരുമാനമായിട്ടുണ്ട്.
ജില്ലയില്‍ 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75,536 പേരാണുള്ളത്. ഇവരുടെ ആരോഗ്യ പരിപാലനം വെല്ലുവിളിയായ സാഹചര്യത്തിലാണ് ഇതിനായി ആരോഗ്യവകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രീകൃതമായ മെഡിക്കല്‍ ഹബ്ബില്‍ നിന്നാകും ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ ക്യാമ്പുകളില്‍ സേവനം ചെയ്യുക. സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം സേവന സന്നദ്ധരായ 100
ഡോക്ടര്‍മാരാണ് ഹബ്ബുകളില്‍ ഉണ്ടാവുക. ഇവിടെനിന്നും വാഹനങ്ങളില്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചായിരിക്കും ചികിത്സ ലഭ്യമാക്കുക. ഇവരുടെ വിന്യാസം ഫലപ്രദമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങും. മെഡിസിന്‍ പി ജി വിദ്യാര്‍ഥികളുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും സേവനവും പ്രയോജനപ്പെടുത്തും.
ചികിത്സയ്ക്കൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ചികിത്സ ഉറപ്പാക്കുന്നതിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ലഭ്യമാക്കും.
Adjust Story Font
16