Quantcast

നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

രണ്ട് തവണ ഹെലികോപ്റ്റര്‍ കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം തിരിച്ചിറക്കി

MediaOne Logo

Web Desk

  • Published:

    20 Aug 2018 8:20 AM GMT

നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
X

നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന 4000 പേര്‍ക്ക് വൈദ്യസഹായം എത്തിക്കാനുള്ള ശ്രമം ഇന്നും പരാജയപ്പെട്ടു. രണ്ട് തവണ ഹെലികോപ്റ്റര്‍ കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം തിരിച്ചിറക്കി. പറളിയില്‍ കണ്ണാടിപ്പുഴ ഗതി മാറിയൊഴുകി. ഒലവക്കോടു നിന്ന് ഒരു മൃതദേഹം കണ്ടെത്തി.

രണ്ട് ഹൃദ്രോഗികളും 9 ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. വ്യോമമാര്‍ഗം മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. ഇന്നലെ നെന്മാറയില്‍ നിന്ന് ഹെലികോപ്റ്റര്‍ അയക്കാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ പരാജയപ്പെട്ടു. ഇന്ന് കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ നടത്തിയ ശ്രമവും വിജയിച്ചില്ല.

ഇന്നലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ 26 കിലോമീറ്ററോളം നടന്നാണ് ഇവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചത്. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വൈദ്യസംഘത്തെ നെല്ലിയാമ്പതിയിലേക്ക് അയക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പാലക്കാട് ഒലവക്കോട് റെയില്‍ സ്റ്റേഷന് സമീപം ഒരു മൃതദേഹം കണ്ടെത്തി. പറളി എടത്തറയില്‍ തടയണ തകര്‍ന്നതിനെത്തുടര്‍ന്ന് കണ്ണാടിപ്പുഴ ഗതിമാറി ഒഴുകി രണ്ട് വീടുകളും ക്ഷേത്രവും പൂര്‍ണ്ണമായും തകര്‍ന്നു. തടയണയുടെ ഒരുഭാഗം പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

TAGS :

Next Story