രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍; സംസ്ഥാനം സാധാരണ നിലയിലേക്ക്
മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാളെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ജനജീവിതം സാധാരണഗതിയിലാകുന്നു
ആറുദിവസം കൊണ്ട് കേരളത്തെ വിഴുങ്ങിയ മഹാ പ്രളയത്തിനൊടുവില്‍ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുകയാണ്. വെള്ളപ്പൊക്കവും ദുരിതങ്ങളും തുടരുന്നുവെങ്കിലും അപകടകരമായ സാഹചര്യം ഏറെക്കുറെ ഒഴിവായി.
അപ്പര്‍ കുട്ടനാട്, കുട്ടനാട്, എറണാകുളം ജില്ലയിലെ പാനായിക്കുളം, പറവൂര്‍, തൃശൂര്‍ ജില്ലയിലെ മാള, കുഴൂര്‍, കൊച്ചുകടവ് മേഖലകളിലാണ് ഇപ്പോഴും വലിയ സന്നാഹത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മറ്റ് സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായകരമായി.
പലയിടത്തും ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കാന്‍ കഴിഞ്ഞു. വൈദ്യുതിയും ടെലഫോണും തകരാറിലായി ആശയവിനിമയം തടസപ്പെട്ടത് പലയിടത്തും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാളെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു.
ചെങ്ങന്നൂരിലെയും അപ്പർ കുട്ടനാട്ടിലെയും രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായി. പലഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. വീടുകൾ ഉപയോഗശൂന്യമായതിനാൽ ക്യാംപുകളിൽ തന്നെയാണ് എല്ലാവരും ഉള്ളത്. എന്നാല്‍ എടത്വ പോലെ ചില പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുന്നുണ്ട്.
ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്താൻ സ്പീഡ് ബോട്ട് പട്രോളിങ് നടത്തുന്നു. കുട്ടനാട്ടിലെ എടത്വ പ്രദേശം ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. രക്ഷപ്പെട്ടെത്തിയവര്‍ക്കും കണ്‍മുന്നില്‍കണ്ട അപകടത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല.
ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സൈന്യം ഹെലികോപ്ടര്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമവും പുരോഗമിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും വെയിൽ തെളിഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. എങ്കിലും വീടുകളിലേക്ക് തിരികെ പോകാനായിട്ടില്ല. വെള്ളമൊഴിഞ്ഞ സ്ഥലങ്ങളില്‍ വീടുകൾ വൃത്തിയാക്കിത്തുടങ്ങി. ശക്തമായ ഒഴുക്കിൽ പല വീടുകളുടെയും അടിത്തറയടക്കം ഒലിച്ചു പോയിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന വീടുകളിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്ന ആശങ്കയിലാണ് പലരും. ചെങ്ങന്നൂരിലെ പെരിശേരി അടക്കമുള്ള പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയുണ്ടായി. വാഹന ഗതാഗതം ഭാഗികമായി മാത്രമേ പുനസ്ഥാപിക്കാനായിട്ടുള്ളു. വലിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്.
Adjust Story Font
16