രോഹിത് വെമുല മൂവ്മെന്റിൽ പങ്കെടുത്തതിൽ പ്രവേശനം നിഷേധിച്ചു; നിയമ യുദ്ധം വിജയിച്ച് മലപ്പുറം സ്വദേശി
രോഹിത് വെമുല മൂവ്മെന്റിൽ പങ്കെടുത്തതിൽ പ്രവേശനം നിഷേധിച്ച ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (EFLU) ഹൈദരാബാദിനെതിരെ നിയമ യുദ്ധം വിജയിച്ച് മലപ്പുറം സ്വദേശി. ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിലെ പി.എച്ച്.ഡി പഠനത്തിനുള്ള പ്രവേശന പരീക്ഷക്ക് അനുമതി നല്‍കാത്ത യൂണിവേഴ്സിറ്റി നടപടി റദ്ദ് ചെയ്താണ് ഹൈക്കോടതി വിധി. കേരള ഹൈക്കോടതിയാണ് യൂണിവേഴ്സിറ്റിയുടെ പ്രതികാര നടപടി റദ്ദ് ചെയ്ത് ഉത്തരവിട്ടത്.
മലപ്പുറം സ്വദേശി സി.എച്ച്. അബ്ദുൽ ജബ്ബാര്‍ അഡ്വ. പി.ഇ സജൽ മുഖേന നൽകിയ ഹരജിയിലാണ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിനു കീഴിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (EFLU) ഹൈദരാബാദ് അബ്ദുൽ ജബ്ബാറിന് അഡ്മിറ്റ് കാർഡ് നൽകാതെ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ ഹൈ കോടതിയെ സമീപിച്ച ഹരജിക്കാരന് ഒ.ബി.സി സീറ്റ് ഒരെണ്ണം ഒഴിച്ചിടണം എന്ന് പിന്നീട് ഇടക്കാല ഉത്തരവിറക്കിയിരുന്നു.
കേരളത്തില്‍നിന്നുള്ളവര്‍ക്ക് കൂട്ടത്തോടെ ഇത്തരത്തില്‍ അവസരം നിഷേധിക്കുന്നതായി ഹരജിയിൽ ആരോപിച്ചിരുന്നു. സർവകലാശാല എത്രയും പെട്ടെന്ന് തന്നെ ഹരജിക്കാരന് പ്രവേശന പരീക്ഷ നടത്തി അഡ്മിഷൻ നൽകണമെന്നും, പ്രവേശന പരീക്ഷക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുള്ള വിദ്യാർത്ഥിക്ക് തുടർ പഠനം നഷ്ടപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുൻ വർഷങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി നേരിട്ടു എന്നത് ഉന്നത പഠനത്തിന് അവസരം നിഷേധിക്കുന്നതിന് കാരണമായി കണക്കാക്കാകാനില്ല എന്നും കോടതി നിരീക്ഷിച്ചു.
ഇതിന് മുൻപും ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (EFLU) വിദ്യാർത്ഥി വിരുദ്ധ നിലപാടുമായി നിരവധി വിദ്യാർത്ഥികളുടെ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് കോടതി ഇടപെടലിലൂടെയാണ് പ്രവേശനങ്ങളെല്ലാം സർവകലാശാല അനുവദിച്ചത്.
Adjust Story Font
16