Quantcast

ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല, ഇതിനെയൊക്കെ പിന്തുണയ്ക്കാന്‍ പതിനായിരങ്ങളും; ദുരിതാശ്വാസ നിധിക്കെതിരെയുള്ള കുപ്രചരണങ്ങള്‍ക്ക് ഇതാ ഒരു ചുട്ട മറുപടി 

പക്ഷേ ഈയവസ്ഥയിൽ ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നിർദേശങ്ങൾ വച്ച് സംശയം വളർത്തി ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിന്റെ മാർഗം

MediaOne Logo

Web Desk

  • Published:

    28 Aug 2018 2:01 AM GMT

ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല, ഇതിനെയൊക്കെ പിന്തുണയ്ക്കാന്‍ പതിനായിരങ്ങളും; ദുരിതാശ്വാസ നിധിക്കെതിരെയുള്ള  കുപ്രചരണങ്ങള്‍ക്ക് ഇതാ ഒരു ചുട്ട മറുപടി 
X

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഡോ.നെല്‍സണ്‍ ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയാൽ അത് എത്തേണ്ടിടത്ത് എത്തില്ല എന്ന ഉള്ളടക്കവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ വോയിസ് ക്ലിപ്പിനാണ് ഡോക്ടര്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസനിധിയിൽ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചെലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. ദുരുപയോഗിച്ചാൽ ജനത്തിനു പ്രതികരിക്കാൻ കഴിയുന്ന ഒരേയൊരു രീതിയിൽ പ്രതികരിക്കുകയും ചെയ്യണം... പക്ഷേ ഈയവസ്ഥയിൽ ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നിർദേശങ്ങൾ വച്ച് സംശയം വളർത്തി ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിന്റെ മാർഗമെന്ന് നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

" ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ " എന്ന പോസ്റ്റിന്റെ റീച്ച് കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്. ഈ നിമിഷം വരെ അതിന് പതിനായിരത്തോളം ഷെയറുണ്ട്. ഇൻഫോക്ലിനിക്കിന്റെ ഷെയർ കണക്ക് മാത്രം കണ്ടതിന്റെ അറിവ് വച്ച് ഫേസ്ബുക്കിൽ മാത്രം ആ പോസ്റ്റ് പത്തുലക്ഷത്തിനു മേലെ ആളുകൾ കണ്ടിട്ടുണ്ട്. അതിന്റെ പതിന്മടങ്ങ് വാട്സാപ്പിലും...അതായത് മൂന്നിലൊന്ന് കേരളീയരിൽ ഇപ്പോൾ അതെത്തിയിട്ടുണ്ടാവും..

ഇത് പറയാനുള്ള കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം മലയാളികളായ മലയാളികളെല്ലാം കേട്ട ഒരു വോയ്സ് ക്ലിപ്പുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയാൽ അത് എത്തേണ്ടിടത്ത് എത്തില്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ലളിതമായിപ്പറഞ്ഞാൽ അവിശ്വാസമാണ് പരത്തുന്നത്. അതിന്റെ ഇമ്പാക്റ്റ് എത്രത്തോളമാണെന്ന് കേരളത്തിനു വെളിയിലെ സുഹൃത്തുക്കൾക്ക് അറിയാമെങ്കിലും കുറച്ച് കണക്കുകൾ പറയാം.

കഴിഞ്ഞ ബുധനാഴ്ച വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 539 കോടി രൂപ മാത്രമാണ്. ഓൺലൈനായി നൽകിയത് 3.3 ലക്ഷം ആളുകൾ. അതായത് മൂന്നരക്കോടിയുടെ ഒരു ശതമാനത്തിൽ താഴെ...ഇതിൽ കേരളത്തിനു പുറത്തുള്ളവരുമുണ്ടെന്നോർമിക്കണം. നീട്ടിയ എത്ര കൈകൾ ആ ഒരൊറ്റ വോയ്സ് ക്ലിപ്പിൽ പിന്‍വലിഞ്ഞിട്ടുണ്ടാവും? മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ വച്ച് തന്നെ 14 ജില്ലകളിലായി 3,91,494 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം അനുവദിക്കേണ്ടതുണ്ട്. അതായത് 3,92 കോടി രൂപ. ഒരല്പം ബോധമുള്ളവന് ചിന്തിച്ചാൽ മനസിലാകും ഈ പതിനായിരം ഒന്നുമാകില്ലെന്ന്. ഇത് കുടുംബങ്ങളുടെ മാത്രം കണക്ക്. പൊതുമുതൽ തൊട്ട് മുന്നോട്ട് എന്തെല്ലാം ഉണ്ടാവും?

നമ്മുടെ കയ്യിലുള്ള പണത്തിന്റെ കണക്കെടുത്താലും ഒന്നുമാവില്ല. കേന്ദ്രത്തിന്റെ 600 കോടി വാഗ്ദാനം ഇപ്പോൽ കിട്ടിയിട്ടുണ്ടോയെന്നും എപ്പോൾ കിട്ടുമെന്നും എനിക്കറിയില്ല. മറ്റ് വൻ തുകകളൊന്നും ഇതുവരെ ലഭിച്ചതായും അറിയില്ല. അപ്പോൾ മുന്നോട്ട് പണം വേണം..എവിടെനിന്നുണ്ടാകും? ഏറ്റവും എളുപ്പമുള്ള വഴി ജനങ്ങളോട് ചോദിക്കുകയാണ്. അതാണിപ്പോൾ മുഖ്യമന്ത്രി ചെയ്യുന്നതും...

" വെറും പതിനൊന്ന് കാര്യങ്ങൾ ചെയ്താൽ രണ്ട് മാസത്തെ ശമ്പളം തരാം, പക്ഷേ...." ലളിതമായിപ്പറഞ്ഞാൽ ആ പതിനൊന്ന് കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം... നമ്മുടെ രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല. അവരുടെ കയ്യിൽ പണം ഏല്പിച്ചാൽ പോകുമെന്നുറപ്പ്...അവിശ്വാസം പരത്തൽ...സുരേഷ് കൊച്ചേട്ടന്റെ ക്ലിപ്പിന്റെ പണിതന്നെ... ആ പതിനൊന്ന് കാര്യങ്ങളിൽ ഒന്ന് വായിച്ച് ചിരിച്ചുപോയി.. " ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം "...റിപ്പോർട്ടിൽ എത്ര പേജുണ്ടെന്നോ (ഗൂഗിൾ ചെയ്യാൻ ഓടിക്കോ...) എന്തൊക്കെയായിരുന്നു നടപ്പാക്കേണ്ടിയിരുന്ന ആ നിർദ്ദേശങ്ങളെന്നോ ഒക്കെ ചോദിച്ചാൽ സ്വാഹ... അടുത്ത ഒന്നിനെ ലളിതമായി മനുഷ്യത്വരഹിതം എന്ന് വിളിക്കാം.. "കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവർക്കു പത്തു പൈസ ധനസഹായം കൊടുക്കരുത് "... ദുരിതാശ്വാസ ക്യാമ്പിലെത്തിയ പന്ത്രണ്ട് ലക്ഷത്തിൽ ഭൂരിഭാഗവും പണക്കാരാണെന്നും അവർക്ക് പണം കൊടുക്കരുതെന്നും പറഞ്ഞത് ഓർമവരുന്നുണ്ടോ? ഇതൊക്കെ ചെയ്ത് തീർക്കേണ്ടത് ഇപ്പോഴുള്ള പുനരധിവാസത്തിനു പോലും കാശില്ലാതെ കൈനീട്ടുന്ന ഒരു സംസ്ഥാനമാണെന്നോർമിക്കണം... അപ്പൊ ആ പതിനൊന്ന് പോയിന്റ് എഴുതിയവന്റെ സാമൂഹ്യബോധവും ചിന്താശേഷിയും എത്രത്തോളം കാണും? ചുരുക്കിപ്പറഞ്ഞാ ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല..പിന്തുണയ്ക്കാൻ പതിനായിരങ്ങളുണ്ട് ഇപ്പൊത്തന്നെ..

ഇതിന്റെ ഫലം എന്താവുമെന്ന് കണക്കുകൂട്ടിയെടുക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പുനരധിവാസപ്രവർത്തനങ്ങൾ താളം തെറ്റും. അത് മാത്രമല്ല സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കും..വലിയ തുകകൾ ദുരിതാശ്വാസനിധിയിലേക്ക്‌ കിട്ടിയ കണക്കുകൾ കേട്ടവർക്ക്‌ എന്തുകൊണ്ട്‌ തങ്ങൾക്ക്‌ ലഭിച്ചത്‌ ആകെ തുച്ഛമായ തുകയായിരുന്നെന്ന് തോന്നും. വരാനിരിക്കുന്ന 2019 തെരഞ്ഞെടുപ്പിൽ കൃത്യമായി സംസ്ഥാനത്തിന്റെ ഗതികേടാണ് വോട്ടാക്കേണ്ടതെന്ന് അറിവുള്ളവർക്ക് അതുതന്നെയാണാവശ്യവും.. ഞാൻ സ്വന്തം നാട്ടിൽ ജോലി കിട്ടാതെ അന്യനാട്ടിൽ കിടന്ന് അധ്വാനിക്കുന്ന പണത്തിന് വിലയുണ്ട്... ഉണ്ട്..എല്ലാവരും സമ്പാദിക്കുന്ന പണത്തിനും വിലയുണ്ട്. എല്ലാവരും കോടീശ്വരന്മാരായിട്ടല്ല പണം നൽകിയത്. അത്താഴപ്പട്ടിണിക്കാരും സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ചവരുമെല്ലാമുണ്ട് അക്കൂട്ടത്തിൽ...മണലാരണ്യത്തിൽ കിടക്കുന്നവർക്കും മൽസ്യത്തൊഴിലാളിക്കുമെല്ലാം വിയർത്തുതന്നെയാണ് പണം കിട്ടുന്നത്..

ദുരിതാശ്വാസനിധിയിൽ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചിലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. ദുരുപയോഗിച്ചാൽ ജനത്തിനു പ്രതികരിക്കാൻ കഴിയുന്ന ഒരേയൊരു രീതിയിൽ പ്രതികരിക്കുകയും ചെയ്യണം... പക്ഷേ ഈയവസ്ഥയിൽ ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നിർദേശങ്ങൾ വച്ച് സംശയം വളർത്തി ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിന്റെ മാർഗം. ഈ കുറിപ്പ് എത്രത്തോളം ആളുകളിൽ എത്തുമെന്ന് എനിക്കറിയില്ല.പക്ഷേ എന്റെ വാളിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്ന് കണ്ടപ്പൊ എഴുതണമെന്ന് തോന്നി.

" ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ " എന്ന പോസ്റ്റിൻ്റെ റീച്ച് കണ്ടതുകൊണ്ട് മാത്രം...

Posted by Nelson Joseph on Monday, August 27, 2018
TAGS :

Next Story