Quantcast

കേരളത്തിന് കൈത്താങ്ങുമായി റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളും

MediaOne Logo

Web Desk

  • Published:

    28 Aug 2018 7:46 AM GMT

കേരളത്തിന് കൈത്താങ്ങുമായി റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളും
X

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങുമായി റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളും. രണ്ട് ക്യാമ്പുകളില്‍ നിന്നായി നാല്‍പ്പതിനായിരത്തോളം രൂപയാണ് റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിനായി സമാഹരിച്ചത്. അഭയാര്‍ത്ഥികളോട് കരുണ കാണിക്കുന്ന സംസ്ഥാനത്തെ സഹായിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ക്യാമ്പിലുള്ളവര്‍ പറഞ്ഞു.

മലയാളികള്‍ പലപ്പോഴും തങ്ങളോട് കാണിച്ചിട്ടുള്ള സ്‌നേഹമാണ് ഇപ്പോളിവര്‍ ഈ തിരിച്ച് നല്‍കുന്നത്. പ്രളയമുഖത്ത് കേരളം പകച്ച് നിന്ന് ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ ഈ ക്യാമ്പുകളില്‍ മലയാളികളെ കുറിച്ചായിരുന്നു ഇവരുടെ ചിന്ത. അധ്വാനിച്ചുണ്ടാക്കിയ വീടും കിടപ്പാടവും നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വന്നവരുടെ മാനസികാവസ്ഥ മറ്റാരെക്കാളും തങ്ങള്‍ക്കറിയാമെന്ന് ഇവര്‍ പറയുന്നു.

ഫരീദബാദിലേയും ശരംവിഹാറിലെയും ക്യാമ്പുകളിലുള്ള ഓരോ കുടുംബവും കേരളത്തിനായി തങ്ങളാല്‍ കഴിയുന്ന തുക നല്‍കി. കമ്മ്യൂണിറ്റി ഫണ്ടെന്ന പേരില്‍ സ്വരുക്കൂട്ടിയ പതിനായിരം രൂപയും തങ്ങളുടെ കൊച്ച് ഫുട്‌ബോള്‍ ക്ലബിലുണ്ടായിരുന്ന അയ്യായിരം രൂപയും കൂടി മലയാളികള്‍ക്ക് നല്‍കിയെന്നറിയുമ്പോഴേ ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആഴം വ്യക്തമാകൂ. കഷ്ടപ്പാടുകള്‍ക്കിടയില്‍ ഈ തുക നല്‍കേണ്ടെന്ന സ്‌നേഹപൂര്‍വമുള്ള വിലക്കിനും അവരുടെ തീരുമാനത്തെ മാറ്റാനായില്ല.

ക്യാമ്പില്‍ നിന്ന് കിട്ടിയ പണം ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനക്കായാണ് കൈമാറിയത്. തുക കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന വിനിയോഗിക്കും.

TAGS :

Next Story