ഓണാവധിക്ക് (പ്രളയക്കെടുതിക്ക്) ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു
ദുരിതാശ്വാ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ തുറക്കില്ല; പിടിഎ കമ്മിറ്റികള്‍ ചേര്‍ന്ന് ശുചിത്വം ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിയതും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലുമാണ് സ്കൂളുകള്‍ തുറന്നത്. പ്രളയ ബാധിത ജില്ലകളില്‍ കഴിഞ്ഞ 15ന് മുന്‍പേ സ്കൂളുകള്‍ അടച്ചിരുന്നു. പാഠപുസ്തകങ്ങളും യൂണിഫോമും ഇല്ലെങ്കിലും മെച്ചപ്പെട്ട ഹാജര്‍നിലയാണ് മിക്ക സ്കൂളുകളിലുമുള്ളത്.
എന്നാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളം ജില്ലയിലെ പറവൂര്‍, ആലുവ എന്നിവിടങ്ങളിലെയും ചില സ്കൂളുകള്‍ ഇന്ന് തുറക്കില്ല. ക്യാമ്പ് പിരിച്ചുവിടുന്ന മുറക്കായിരിക്കും ഇവിടങ്ങളിലെ സ്കൂളുകള്‍ തുറക്കുക. പ്രളയക്കെടുതിയില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുതിയ പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യും. ഓണം-ക്രിസ്മസ് പരീക്ഷകള്‍ ഒരുമിച്ച് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
അവധി കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ചില നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. എല്ലാ സ്കൂളുകളിലെയും പിടിഎ കമ്മിറ്റികള്‍ ഇന്ന് തന്നെ യോഗം ചേര്‍ന്ന് പരിസരശുചിത്വം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രളയത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മകളുമായി സ്കൂളുകളിലെത്തുന്ന വിദ്യാര്‍ഥികളെ ആശങ്കയകറ്റി മാനസികോല്ലാസം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നും നാളെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാനസികോല്ലാസവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണം.
എല്ലാ സ്കൂളുകളിലും പിടിഎ കമ്മിറ്റികൾ ഇന്ന് യോഗം ചേര്‍ന്ന് പരിസരശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പു വരുത്തണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്കൂളുകളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആദ്യദിവസം തന്നെ സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങൾ നൽകണം. സ്കൂൾ കിണറിലെ വെള്ളം ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം ജലശുദ്ധീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡറിട്ട് അണു വിമുക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. പാചകത്തിനു ഉപയോഗിക്കുന്നതും കഴിക്കാൻ ഉപയോഗിക്കുന്നതുമായ പാത്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. വെള്ളം കയറി ഉപയോഗശൂന്യമായ അരിയും പയറും മറ്റും ഫംഗസ് ബാധയുള്ളതിനാൽ ഉണക്കിയെടുത്ത് ഉപയോഗിക്കരുത്. സ്കൂള്‍ പരിസരത്ത് ഇഴജന്തുക്കൾ ഇല്ലായെന്ന് ഉറപ്പു വരുത്തണം. സ്കൂൾ മതിലുകൾക്ക് വെള്ളം കയറി ബലക്ഷയം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പ്രളയബാധയിൽ നാശം നേരിട്ട സ്കൂൾ ലാബുകളിലെ രാസവസ്തുക്കളും മറ്റും അപകടകരമായ നിലയിൽ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ നഷ്ടപ്പെട്ട കുട്ടികൾ ഈ മാസം 31 നു മുൻപ് സ്കൂളിൽ വിവരം റിപ്പോർട്ട് ചെയ്യണം. 29 നു തുറക്കാൻ കഴിയാത്ത സ്കൂളിലെ വിദ്യാർത്ഥികൾ അതാത് സ്കൂൾ തുറന്ന് മൂന്നു ദിവസത്തിനകം റിപ്പോർട്ട് ചെയ്താല്‍ മതിയെന്നും നിര്‍ദേശത്തിലുണ്ട്.
Adjust Story Font
16