Quantcast

കുട്ടനാട്ടുകാര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

കൈനകരി ഒഴികെയുള്ള പ്രദേശങ്ങളിലെ തൊണ്ണൂറ് ശതമാനം വീടുകളും ഇന്നലെ വൈകീട്ടോടെ ശുചീകരിച്ച് കഴിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    30 Aug 2018 2:24 AM GMT

കുട്ടനാട്ടുകാര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും
X

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടനാട്ടുകാര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. കൈനകരി പഞ്ചായത്ത് നിവാസികള്‍ ഒഴികെയുള്ളവരെയാണ് ഇന്ന് വീടുകളില്‍ പുനരധിവസിപ്പിക്കുക. കൈനകരി ഒഴികെയുള്ള പ്രദേശങ്ങളിലെ തൊണ്ണൂറ് ശതമാനം വീടുകളും ഇന്നലെ വൈകീട്ടോടെ ശുചീകരിച്ച് കഴിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു.

കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് തിരിച്ചു പോകുന്നതിനാല്‍ ഇന്നു വരെ ബോട്ടുകളില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്ന യാത്രാ സൌജന്യം നാളെ വരെ നീട്ടിയിട്ടുണ്ട്. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാർ താമസിക്കുന്ന സ്‌കൂളുകൾ ഒഴിവാക്കി അവർക്കായി പുതിയ വാസകേന്ദ്രങ്ങൾ ഒരുക്കും.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങുന്നതോടെ ഓരോ പഞ്ചായത്തിലും ആവശ്യത്തിന് ഭക്ഷണവിതരണ കേന്ദ്രം സജ്ജമാക്കാൻ ജില്ല കലക്ടർ എസ്.സുഹാസ് കുട്ടനാട് തഹസിൽദാർക്ക് നിർദ്ദേശം നൽകി. ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവശ്യമായ പാത്രങ്ങളും മറ്റും ലഭ്യമല്ലാത്തതിനാല്‍ ഒരാഴ്ചയെങ്കിലും ഭക്ഷണവിതരണകേന്ദ്രങ്ങൾ തുടരേണ്ടിവരും. സാധ്യമായ എല്ലാ സ്‌കൂളുകളും അധ്യായനത്തിന് വിട്ടു നൽകാനാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാൻ കിലോസ്‌കുകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടനാട്ടിലെ പൂട്ടി കിടക്കുന്ന 14 വില്ലേജ് ഓഫീസുകൾ ഇന്ന് മുതൽ തുറക്കും. നിലവിൽ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തി നഷ്ടം കണക്കാക്കുന്നതിനുള്ള സര്‍വേ ഇപ്പോള്‍ കുട്ടനാടന്‍ മേഖലയില്‍ നടക്കുന്നുണ്ട്.

ജില്ലയില്‍ നിലവിൽ ആറ് താലൂക്കുകളിലായി 134 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 11271 കുടുംബങ്ങളിലെ 41673 പേരാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്.

TAGS :

Next Story