പ്രളയമൊഴിഞ്ഞിട്ട് ദിവസങ്ങള്‍; കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയില്‍
കൈനകരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലും ഇനിയും വെള്ളം ഇറങ്ങാനുണ്ട്.
ആലപ്പുഴ ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം പതിനൊന്നായിരമായി. കഴിഞ്ഞ ദിവസം ഏഴായിരത്തോളം പേര്‍ കുട്ടനാട്ടിലേക്ക് മടങ്ങിപ്പോയതിനെത്തുടര്‍ന്നാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നത്. എന്നാല്‍ കൈനകരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും ഇപ്പോഴും വീടുകള്‍ വെള്ളത്തിനടിയിലാണ്.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 84 ആയി കുറഞ്ഞു. 8 ക്യാമ്പുകളാണ് വ്യാഴാഴ്ച പിരിച്ചു വിട്ടത്. 11102 അംഗങ്ങളാണ് ഇനി ക്യാമ്പുകളിൽ അവശേഷിക്കുന്നത്. കാർത്തികപ്പള്ളിയിലെ ഭക്ഷണവിതരണകേന്ദ്രത്തെ 90 പേര്‍ ആശ്രയിക്കുന്നു. അമ്പലപ്പുഴയിലെ 8 ക്യാമ്പുകളിലായി 2561 പേരാണുള്ളത്. കുട്ടനാടുകാർക്കായുള്ള അമ്പലപ്പുഴയിലെ 22 ക്യാമ്പിൽ 3674 പേരും ചേർത്തലയിലെ 3 ക്യാമ്പിൽ 1543 പേരുമാണുള്ളത്. മാവേലിക്കരയിൽ നാലു ക്യാമ്പുകളിലായി 456 പേരും ചെങ്ങന്നൂരിലെ 35 ക്യാമ്പുകളിലായി 2250 പേരും കാർത്തികപള്ളിയിലെ 12 ക്യാമ്പുകളിലായി 618 അംഗങ്ങളുമാണ് അവശേഷിക്കുന്നത്.
കൈനകരി മേഖലയില്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലായതിനാല്‍ ഇപ്പോഴും ജനങ്ങള്‍ക്ക് മടങ്ങിപ്പോവാറായിട്ടില്ല. എന്നാല്‍ പലരും വെള്ളക്കെട്ടില്‍ നില്‍ക്കുന്ന വീടുകളിലേക്ക് മടങ്ങിയെത്തുന്നുണ്ട്. ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലും ഇനിയും വെള്ളം ഇറങ്ങാനുണ്ട്.
Adjust Story Font
16