സൗമ്യയുടെ ആത്മഹത്യ, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം, ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.
കഴിഞ്ഞ 24നാണ് പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ കണ്ണൂരിലെ വനിത ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്തത്. സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് സൗമ്യ ആത്മഹത്യ ചെയ്തതില്‍ ചില സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ അടക്കം ആരോപിച്ചിരിന്നു. ഇതേ തുടര്‍ന്നാണ് ജയില്‍ ഡിഐജി അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി ശ്രീലേഖ നടപടിയെടുത്തത്.
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം, ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്. കൂടുതല്‍ പേര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. തൂങ്ങിമരിക്കാനായി സഹതടവുകാരിയുടെ സാരി സൗമ്യ കൈവശപ്പെടുത്തിയതു എങ്ങനെ? മറ്റു തടവുകാരില്‍നിന്ന് ഒറ്റപ്പെട്ട് സൗമ്യ ജയില്‍വളപ്പിന്റെ അതിരിലെത്തിയതും അര മണിക്കൂറിലേറെ മാറിനിന്നതും എങ്ങനെ തുടങ്ങി നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാലെ ഇതിനെല്ലാമുള്ള ഉത്തരം ലഭ്യമാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
Adjust Story Font
16