ഹനാന്‍റെ പരിക്ക് ഗുരുതരം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി
ഹനാന്‍റെ നട്ടെല്ലിന്‍റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടലുണ്ട്. ശസ്ത്രക്രിയയെ തുടർന്ന് ഹനാന് ഏറെ നാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹനാന്‍റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നട്ടെല്ലിന്‍റെ കശേരുവിന് പൊട്ടലുളളതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഹനാന് ഏറെ നാള്‍ വിശ്രമം വേണ്ടി വരുമെന്നു ഡോക്ടർമാർ അറിയിച്ചു. ഹനാന് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു.
എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്‍റെ പരിക്ക് ഗുരുതരമാണെന്നാണ് ഏറ്റവും ഒടുവില്‍ വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഹനാന്‍റെ നട്ടെല്ലിന്‍റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടലുണ്ട്. അപകടത്തിന് ശേഷം ഹനാന്‍റെ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ മരവിപ്പ് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്റ്റീൽറോഡ് ഉപയോഗിച്ച് പൊട്ടലുള്ള കശേരുവിന് ബലം നൽകുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് ഹനാന് ഏറെ നാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട്ട് നിന്നും എറണാകുളത്തേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരിന് സമീപം ഹനാൻ സഞ്ചരിച്ചിരുന്ന കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. നേരത്തെ സ്കൂൾ യൂണിഫോമിൽ മൽസ്യ വിൽപ്പന നടത്തിവന്നെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ജീവിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഹനാന്‍ സമൂഹത്തിലെ ശ്രദ്ധാ കേന്ദ്രമായത്.
Adjust Story Font
16