ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായി; പക്ഷേ, വാസുവും, ചക്കിയും സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറത്ത്
സര്‍ക്കാര്‍ എടുത്ത് നല്‍കിയ വീടിന് അവര്‍ തന്നെ എഗ്രിമെന്റ് പേപ്പറും തയ്യാറാക്കി തരേണ്ടതല്ലേയെന്നതാണ് ഇവരുടെ ചോദ്യം.
കട്ടിപ്പാറ കരിഞ്ചോലമല ദുരന്തത്തിന് ഇരയായ വാസുവും, ചക്കിയും സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറത്താണ്. അധികൃതര്‍ എടുത്ത് നല്‍കിയ വീടിന്റെ വാടക പോലും നല്‍കാന്‍ കഴിയില്ലെന്ന് കട്ടിപ്പാറ വില്ലേജ് ഓഫീസില്‍ നിന്ന് അറിയിച്ച് കഴിഞ്ഞു. രേഖകള്‍ ക്യത്യസമയത്ത് നല്‍കിയില്ലായെന്നതാണ് ആനുകൂല്യത്തില്‍ നിന്ന് പുറത്താക്കാനുള്ള കാരണമായി പറയുന്നത്.
ഭാഗ്യം കൊണ്ട് മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ അന്ന് വാസുവും, ചക്കിയും, ഏക മകനും രക്ഷപ്പെട്ടത്. വീടിരിക്കുന്ന സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടെയും വെള്ളവും, പാറക്കെട്ടുകളും, മരങ്ങളും ഒഴുകി പോയി. ഇനി ഇവിടെ താമസിക്കുന്നത് അപകടമാണന്ന് കണ്ടെത്തി അന്ന് അധിക്യതര്‍ വാടക വീടെടുത്ത് ഇവരെ അങ്ങോട്ടേക്ക് മാറ്റി. വാടക കൊടുക്കാനുള്ളവരുടെ സര്‍ക്കാര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് ലിസ്റ്റിന് പുറത്തായ വിവരം ഇവരറിഞ്ഞത്. വീടിന്റെ എഗ്രിമെന്റ് പേപ്പര്‍ വില്ലേജ് ഓഫീസില്‍ നല്‍കിയില്ലാ എന്നതാണ് ലിസ്റ്റിന് പുറത്താകാന്‍ കാരണമായി പറഞ്ഞത്.
സര്‍ക്കാര്‍ എടുത്ത് നല്‍കിയ വീടിന് അവര്‍ തന്നെ എഗ്രിമെന്റ് പേപ്പറും തയ്യാറാക്കി തരേണ്ടതല്ലേയെന്നതാണ് ഇവരുടെ ചോദ്യം. സ്വന്തം നിലയില്‍ പേപ്പറുകള്‍ തയ്യാറാക്കിയെങ്കിലും വില്ലേജോഫീസില്‍ നിന്നുള്ളവര്‍ വന്ന് വാങ്ങിയില്ലെന്നും ചക്കി പറയുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മറ്റ് ആനുകൂല്യങ്ങളില്‍ നിന്നും വാസുവും, ചക്കിയും പുറത്താണ്.
Adjust Story Font
16