Quantcast

വ്യക്തി താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കണ്ട; പി.എച്ച് കുര്യനെതിരെ സുനില്‍ കുമാര്‍

ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കുര്യന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    8 Sep 2018 8:18 AM GMT

വ്യക്തി താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കണ്ട; പി.എച്ച് കുര്യനെതിരെ സുനില്‍ കുമാര്‍
X

നെല്‍കൃഷി കൂട്ടുന്നത് കൃഷി മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ . നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്ത് വന്ന കുര്യന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്. വ്യക്തി താല്‍പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ടെന്നും സുനില്‍ കുമാര്‍ തൃശൂരില്‍ പറഞ്ഞു.

കോട്ടയത്ത് ഇന്നലെ നടന്ന ചടങ്ങിലായിരുന്നു പി.എച്ച് കുര്യന്റെ പരാമര്‍ശം. കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിക്ക് വിരുദ്ധമാണ്. ഒപ്പം നഷ്ടവും. കര്‍ഷകര്‍ നെല്‍കൃഷി വിട്ട് മത്സ്യ കൃഷിയിലേക്കോ ടൂറിസത്തിലേക്കോ മാറണം. നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നത് കൃഷി വകുപ്പിനും കൃഷി മന്ത്രിക്കും എന്തോ മോക്ഷം കിട്ടുന്നത് പോലെയാണ് ഇതായിരുന്നു കുര്യന്റെ പരാമര്‍ശം. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കുര്യന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എച്ച് കുര്യനെതിരെ സി.പി.ഐക്ക് നേരത്തെ തന്നെ നിരവധി പരാതികളുണ്ട്. റവന്യൂ മന്ത്രിയെ പോലും അവഗണിക്കുന്ന നിലപാടാണ് കുര്യന്‍ സ്വീകരിക്കുന്നതെന്ന് സി.പി.ഐക്കുള്ളില്‍ അഭിപ്രായം നിലനില്‍ക്കുമ്പോഴാണ് കൃഷി മന്ത്രിക്കെതിരായ കുര്യന്റെ പരാമര്‍ശം.

TAGS :

Next Story