Quantcast

കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം പത്തനാപുരം മൌണ്ട് താബോർ കോൺവെൻറിലെ കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

MediaOne Logo

Web Desk

  • Published:

    10 Sep 2018 3:37 PM GMT

കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
X

കൊല്ലം പത്തനാപുരം മൌണ്ട് താബോർ കോൺവെൻറിലെ കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തലുളളത്. ‌വയറ്റിൽ നിന്ന് കീടനാശിനി ഗുളികയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.

ശ്വാസകോശത്തിൽ വെളളം കയറിയാണ് സിസ്റ്റർ സൂസമ്മയുടെ മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കിണറ്റിലെ വെളളം തന്നെയാണ് ശരീരത്തിനുളളിലും കണ്ടെത്തിയത്. കന്യാസ്ത്രീയുടെ വയറ്റിൽ നിന്ന് പാറ്റയെ കൊല്ലാൻ ഉപയോഗിക്കുന്ന നാഫ്തലിൻ ഗുളികയും കണ്ടെത്തിയിട്ടുണ്ട്. കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിൻറെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക മെഡിക്കൽ സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്. റിപ്പോർട്ട് പോലീസിന് കൈമാറി. കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനാപുരം മൌണ്ട് താബോർ കോൺവെൻറിലെ കന്യാസ്ത്രീ സൂസമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുർബാനക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിൻറെ പശ്ചാത്തലത്തിൽ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കന്യാസ്ത്രീ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന ബന്ധുക്കളുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

TAGS :

Next Story