അണക്കെട്ടുകളുടെ പ്രവര്‍ത്തനം: നിലവിലെ ചട്ടം പുനപരിശോധിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍
ഇപ്പോഴുണ്ടായ പ്രളയത്തിന് കാരണം ഡാം തുറന്നതല്ലെന്നും കനത്ത മഴയാണെന്നും റിപ്പോര്‍ട്ട്
കേരളത്തില്‍ അണക്കെട്ടുകളുടെ പ്രവര്‍ത്തനത്തിനുള്ള നിലവിലെ ചട്ടം പുനപരിശോധിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ ശിപാര്‍ശ. സംസ്ഥാനത്തുണ്ടായ പ്രളയം സംബന്ധിച്ച അന്തിമ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ഇപ്പോഴുണ്ടായ പ്രളയത്തിന് കാരണം ഡാം തുറന്നതല്ലെന്നും കനത്ത മഴയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 19 വരെ കേരളത്തില്‍ ലഭിച്ച മഴയുടെ തോത് അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര ജല കമ്മീഷന്‍ അന്തിമ പ്രളയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചത് 1649.5 മില്ലി മീറ്റര്‍ മഴ ലഭ്യത. പക്ഷേ കിട്ടിയത് അതിനേക്കാള്‍ 42 ശതമാനം അധികം. 2346.6 മില്ലിമീറ്റര്‍. കേരളത്തിലെ 14 ജില്ലകളിലും ഈ പേമാരിയുടെ പ്രത്യാഘാതമുണ്ടായെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. ഇതില്‍ തന്നെ ആഗസ്റ്റ് 1 മുതല്‍ 19 വരെയുള്ള കാലയളവില്‍ 164 ശതമാനം അധിക മഴ കിട്ടി. പെരിയാര്‍, പമ്പ സബ് ബേസിനുകളില്‍ പെയ്ത മഴ 1924ലെതിന് തുല്യം. ഈ സാഹചര്യത്തില്‍ ഡാമുകളിലേക്ക് എത്തിയ അതേതോതിലുള്ള വെള്ളം തന്നെയാണ് ഡാം തുറന്നതോടെ ഒഴുകിയത്. ഇടുക്കി അണക്കെട്ട് തുറന്നില്ലെങ്കിലും ചുരുങ്ങിയത് 8000 ക്യുമെക്സ് വെള്ളം നദിയിലെത്തും. ഡാം തുറക്കല്‍ പ്രളയത്തില്‍ ഉണ്ടാക്കിയ ആഘാതം ചെറുതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പക്ഷേ ഇനി പ്രളയത്തെ തടയാന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന പ്രധാന ശിപാര്‍ശകളെല്ലാം ഡാമുകളുമായി ബന്ധപ്പെട്ടുള്ളതാണ്. അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. അണക്കെട്ടിലെ ജലസംഭരണം, തുറന്നുവിടല്‍ തുടങ്ങിവക്ക് നിലവിലുള്ള ചട്ടം പുനപരിശോധിക്കണം, വേമ്പനാട് കായലിന്‍റെ അപ്രോച്ച് കനാലായ തോട്ടപ്പള്ളി സ്പില്‍വേയുടെ വീതി കൂട്ടണം, ഒപ്പം തണ്ണീര്‍ മുക്കം ബണ്ടിലൂടെ തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിക്കാനാകണം എന്നിവയാണ് പ്രധാന ശിപാര്‍ശകള്‍.
Adjust Story Font
16