Quantcast

പ്രളയം തകർത്ത കേരളത്തിന് പ്രതീക്ഷയായി ‘ചേക്കുട്ടി’ പാവകള്‍

MediaOne Logo

Web Desk

  • Published:

    12 Sep 2018 2:38 AM GMT

പ്രളയം തകർത്ത കേരളത്തിന് പ്രതീക്ഷയായി ‘ചേക്കുട്ടി’ പാവകള്‍
X

പ്രളയം തകർത്ത കേരളത്തിന് പ്രതീക്ഷയായി മാറുകയാണ് ചേക്കുട്ടി പാവകൾ. ‘ചേറിനെ അതിജീവിച്ച ചേന്ദമംഗലത്തിന്റെ കുട്ടി’ എന്നതിൽ നിന്നും ഉയർന്നു വന്ന ‘ചേക്കുട്ടി’ പാവകൾ ഒരു നാടിൻറെ തന്നെ ഉയർത്തിയെഴുന്നേൽപ്പിന്റെ പ്രതീകമാണിന്ന്. എറണാകുളത്തെ ചേന്ദമംഗലം ഗ്രാമത്തെ കൈത്തറി വ്യവസായത്തെ തന്നെ ഒന്നാകെ ഇക്കഴിഞ്ഞ പ്രളയം തുടച്ചെടുത്തു. അഞ്ച് സൊസൈറ്റിക്ക് കീഴിലെ ആറായിരം കൈത്തറിക്കാരെ ബാധിച്ച ഇരുപത് കോടിയുടെ നഷ്ടം തുടച്ച പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതിൽ നിന്നാണ് ചേക്കുട്ടി പാവകളുടെ തുടക്കം.

എത്ര തന്നെ കഴുകിയെടുത്താലും ചളി അത് പോലെ തന്നെ ഒട്ടി പിടിച്ചുള്ള കൈത്തറി വസ്ത്രങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ചേക്കുട്ടിയിലൂടെ. ചേറിന്റെ കറ പിടിച്ച ഓരോ വസ്ത്രവും ക്ലോറിനുപയോഗിച്ച് കഴുകിയെടുക്കുകയാണ് ആദ്യ പടി, ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ പാവയുണ്ടാക്കാനായി ഉപയോഗിക്കുന്നു. ഓണ വിപണി മുൻകൂട്ടി കണ്ട്‌ കോടി കണക്കിന് രൂപയുടെ കൈത്തറി വസ്ത്രങ്ങളായിരുന്നു ഈ ഗ്രാമം നെയ്തെടുത്തിരുന്നത്. എല്ലാം ഒരൊറ്റ പ്രളയത്തിൽ ചളി നിറഞ്ഞു ജീവിതം തന്നെ കറ പുരണ്ടപ്പോൾ ഇവർക്ക് പ്രതീക്ഷയാവുകയാണ് ചേക്കുട്ടി പാവകൾ. നാട്ടിലെ ഒരു കൂട്ടം യുവനിരയാണ് പാവകളുടെ നിർമാണത്തിന് നേതൃതം നൽകുന്നത്.

പാവകളെ വിറ്റ് കിട്ടുന്ന മുഴുവൻ തുകയും ചേന്ദമംഗലം ഗ്രാമത്തിലെ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഉപയോഗിക്കുമെന്ന് ഇതിന് നേതൃത്വം നൽകുന്ന യുവാക്കൾ പറയുന്നു. 1300 രൂപക്കായിരുന്നു കൈത്തറി സാരികൾ ചേന്ദമംഗലത്തുക്കാർ നിർമിച്ചിരുന്നത്. ഓരോ സാരിയിൽ നിന്നും 360 പാവകളുണ്ടാക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. ഓരോ പാവയും 25 രൂപക്ക് വിൽക്കാനാണ് തീരുമാനം. ഇതിലൂടെ ഓരോ സാരിക്കും 9000 രൂപ ലഭിക്കും. 200 സാരികളിൽ നിന്നും 72000 ചേക്കുട്ടി പാവകളുണ്ടാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അത് വലിയൊരു കൈ താങ്ങ് തന്നെയാവും ചേന്ദമംഗലത്തെ കൈത്തറിക്കാർക്ക്.

www.chekutty.in. എന്ന വെബ്സൈറ്റ് വഴിയോ ചേക്കുട്ടിയുടെ ഫേസ്ബുക്ക് പേജ് വഴിയോ ലോകത്തുള്ള ആർക്കും ചേക്കുട്ടി പാവകൾ വാങ്ങാവുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ചേക്കുട്ടി പാവക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. കേരള ഐ ടി വിഭാഗത്തോട് ഇതിന് വേണ്ട എല്ലാ സഹായവും നൽകാൻ ആവശ്യപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്

TAGS :

Next Story