Quantcast

പി.കെ ശശിയുടെ എം.എല്‍.എ സ്ഥാനം രാജിവെപ്പിക്കാന്‍ നേതൃത്വത്തിന് സമ്മര്‍ദ്ദം

പി.കെ ശശി രാജി വെച്ചില്ലെങ്കിൽ അത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് പാലക്കാട് ജില്ലയിൽ നിന്നുള്ള പ്രധാന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    12 Sep 2018 1:24 AM GMT

പി.കെ ശശിയുടെ എം.എല്‍.എ സ്ഥാനം രാജിവെപ്പിക്കാന്‍ നേതൃത്വത്തിന് സമ്മര്‍ദ്ദം
X

പി.കെ ശശിയുടെ എം.എൽ.എ സ്ഥാനം രാജിവെപ്പിക്കാൻ സി.പി.എം നുള്ളിൽ ഒരു വിഭാഗത്തിന്റെ ശ്രമം. പി.കെ ശശിക്കെതിരെ നേരത്തെ ഉയർന്ന ആരോപണങ്ങൾ പരാതിയാക്കാനുള്ള ശ്രമവും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്.

പാർട്ടിതല അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചാൽ ഉടൻ പി.കെ ശശിക്കെതിരെ സംഘടനാതല നടപടി വരും. എന്നാൽ, സംഘടന നടപടിയിൽ ഒതുക്കരുതെന്നും എം.എൽ.എ സ്ഥാനം രാജിവെപ്പിക്കണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

പി.കെ ശശി രാജി വെച്ചില്ലെങ്കിൽ അത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് പാലക്കാട് ജില്ലയിൽ നിന്നുള്ള പ്രധാന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഘടകകക്ഷിയായ സി.പി.ഐയും പി.കെ ശശി രാജിവെക്കണമെന്ന ഉറച്ച നിലപാടിൽ തുടരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

പാർട്ടി നടപടിയിൽ മാത്രം ഒതുക്കിയാൽ ശശിക്കെതിരെ നേരത്തെ ഉയർന്ന ആരോപണങ്ങൾ ചർച്ചയാക്കാനും, പരാതി കൊടുപ്പിക്കാനും ഒരു വിഭാഗം നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. മണ്ണാർക്കാട്, ചെറുപ്പളശ്ശേരി എന്നീ സ്ഥലങ്ങളിൽ നിന്നും ഏതാനും പരാതികൾ പാർട്ടിക്ക് കൈമാറുമെന്നാണ് അറിയുന്നത്. ശശിക്കെതിരെ നിലവിലുള്ള പരാതിയിൽ വസ്തുത ഉണ്ടെന്ന് പാർട്ടിക്ക് ബോധ്യമായിട്ടുണ്ട്.

ശശി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. രാവിലെ പത്തു മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ്‍സ്റ്റാന്റ് പരിസരത്ത് കോൺഗ്രസ് സമരം സംഘടിപ്പിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യും. ബി.ജെ .പി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാലയും വൈകുന്നേരം മൂന്ന് മണിക്ക് ചെറുപ്പളശ്ശേരിയിൽ നടക്കും.

അതിനിടെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി യോഗവും ഇന്ന് ചേരും. ഉച്ചക്ക് രണ്ട് മണിക്ക് ഡി.വൈ.എഫ്.ഐ ജില്ലാ ഓഫീസിലാണ് യോഗം. യോഗത്തില്‍ പി.കെ ശശിക്കെതിരെ കടുത്ത വിമർശനം ഉയർന്നു വരാനാണ് സാധ്യത. പരാതികാരിയായ ജില്ലാ കമ്മറ്റി അംഗം യോഗത്തിൽ പങ്കെടുക്കാൻ ഇടയില്ല.

TAGS :

Next Story