Quantcast

‘സ്വന്തം വീട് തകര്‍ന്നുവീഴാറായി; സര്‍ക്കാര്‍ ജീവനക്കാരിയാണ്.. ഞാനും കൊടുക്കണോ ഒരു മാസത്തെ ശമ്പളം?’

കുട്ടനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയായിരുന്ന അനൂപ് രാജന്‍ തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് സ്വന്തം വീട് തകര്‍ന്നുവീഴാറായ സര്‍ക്കാര്‍ ജീവനക്കാരി മോളി മാത്യുവിന്റെ ദുരവസ്ഥ പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Published:

    13 Sep 2018 1:46 PM GMT

‘സ്വന്തം വീട് തകര്‍ന്നുവീഴാറായി; സര്‍ക്കാര്‍ ജീവനക്കാരിയാണ്.. ഞാനും കൊടുക്കണോ ഒരു മാസത്തെ ശമ്പളം?’
X

സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ പുനർനിർമാണത്തിന് നിർബന്ധമായും സംഭാവന ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്തപക്ഷം വിസമ്മതപത്രം ഒപ്പിട്ട് നൽകണം. ഇതോടെ സ്വന്തം വീട് തകര്‍ന്നുവീഴാറായ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കേണ്ടുന്ന അവസ്ഥയാണ്.

കുട്ടനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയായിരുന്ന അനൂപ് രാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വന്തം വീട് തകര്‍ന്നുവീഴാറായ സര്‍ക്കാര്‍ ജീവനക്കാരി മോളി മാത്യുവിന്റെ ദുരവസ്ഥ പങ്കുവെച്ചത്. കുസാറ്റിന്റെ പുളിങ്കുന്നിലെ കുട്ടനാട് എഞ്ചിനീയറിംഗ് കോളജിലെ ഓഫീസ് അറ്റൻഡന്റാണ് മോളി മാത്യു. കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തിലെ മണലാടിയിലാണ് വീട്. വാതിൽ കട്ടിളയുടെ ഉയരത്തിൽ ഒരാഴ്ചയിലധികം പ്രളയജലത്തിൽ മുങ്ങിക്കിടന്നതോടെ ഇവരുടെ വീട് തകര്‍ന്ന നിലയിലാണ്.

''മോളിച്ചേച്ചിയുടെ ഭർത്താവ് മരിച്ചിട്ട് 22 വർഷമായി. ബ്രെയിൻ ട്യൂമർ രോഗത്താൽ വലയുന്ന ഈ വിധവ ബംഗളൂരു വൈറ്റ് ഫീൽഡിലെ സത്യസായി ആശുപത്രിയിൽ രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയയായ ആളാണ്. മൂന്നുമാസത്തിൽ ഒരിക്കൽ ബംഗളൂരുവിൽ പോയി തുടർ പരിശോധനകൾ നടത്തി വരുകയാണ്. മരുന്നിന് മാത്രം മാസം അയ്യായിരം രൂപയോളം വേണം.'' ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പക്ഷേ അധികാരികൾക്ക് മോളി മാത്യു ഒരു മാസത്തെ ശമ്പളം പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് നിർബന്ധമായും സംഭാവന ചെയ്യേണ്ട ഒരു സർക്കാർ ജീനക്കാരി മാത്രമാണ്. അല്ലാത്തപക്ഷം ആത്മാഭിമാനത്തെ ഹനിക്കുന്ന ഒരു വിസമ്മതപത്രം ഒപ്പിട്ട് നൽകണം.

തൂപ്പുകാരിയായി 2006ലാണ് മോളി മാത്യു സർവീസിൽ കയറിയത്. പിന്നീട് അറ്റൻഡർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. എങ്കിലും വിവിധ തിരിച്ചടവുകൾക്ക് ശേഷം കൈയിൽ കിട്ടുന്നത് വളരെ കുറഞ്ഞ തുകയാണെന്നും സഹപ്രവർത്തകരുടെ സഹായം കൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്നും പറയുന്നു. അതേസമയം വീട് ഇടിഞ്ഞു വീഴാത്തതിനാൽ ഇവര്‍ക്ക് സർക്കാർ സഹായവും ലഭിക്കില്ല. സർക്കാർ ജീവനക്കാരി എന്ന ചാപ്പയുള്ളതിനാൽ മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൽക്കാലം വീടിനോട് ചേർന്ന് ഒരു ഷെഡ് വെച്ച് അതിലേക്ക് മാറാനാണ് ഇവരുടെ തീരുമാനം.

''മുഖ്യമന്തി ജീവനക്കാർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർഥിച്ചപ്പോൾ മനസാ പിന്തുണച്ച ആളാണ് ഞാൻ. 'കൊടുക്കാം പക്ഷെ' എന്നു പറഞ്ഞ് കുയുക്തികൾ മുന്നോട്ടുവെച്ചവരെ എതിർക്കുകയും ചെയ്തു. എന്നാൽ സർക്കാർ ഉത്തരവും അനുബന്ധ വിസമ്മതപത്രവും കണ്ടതോടെ ആ തീരുമാനം മാറ്റുകയാണ്. വിസമ്മതപത്രം നൽകാനും പ്രളയ ദുരന്ത ബാധിതരായ സർവകലാശാല ജീവനക്കാരെ സഹായിക്കാനുമാണ് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ തീരുമാനം.'' അനൂപ് രാജന്‍ പറയുന്നു.

ദുരിതത്തിനെന്ത് ആശ്വാസം ഈ ചിത്രത്തിൽ കാണുന്നത് കുസാറ്റിന്റെ പുളിങ്കുന്നിലെ കുട്ടനാട് എഞ്ചിനീയറിംഗ് കോളജിലെ ഓഫീസ്...

Posted by Anup Rajan on Wednesday, September 12, 2018
TAGS :

Next Story