ജലന്ധര്‍ ബിഷപ്പിനെതിരായ പൊതുതാത്പര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയായ കന്യാസ്ത്രീയുടെ സംരക്ഷണത്തിനായി പോലീസ് എന്തു ചെയ്തു എന്ന് വിശദീകരിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിച്ചേക്കും.
ബിഷപ്പിനെ ജലന്ധറിൽ പോയി കണ്ടിട്ട് ഒരുമാസം ആയില്ലേ എന്നും എന്നിട്ട് പോലീസ് എന്ത് നടപടി സ്വീകരിച്ചു എന്നും അറിയിക്കണമെന്നുമാണ് കോടതിയുടെ നിർദേശം. നിയമം എല്ലാത്തിനും മീതെയാണെന്നും നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ടു പോകുമെന്നും നേരത്തെ ഹരജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ ഇന്ന് വിശദീകരണം നൽകിയേക്കും. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിച്ചേക്കും. നിലവിലെ അന്വേഷണം പ്രഹസനമാണ്. പ്രതിയെ രക്ഷിക്കാനുള്ളതാണന്നുമാണ് ഹരജിയിലെ വാദം.
അതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍.
ഈ മാസം 19 ന് കോട്ടയം ഡി.വൈ.എസ്.പിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ചാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസ് ഇന്നലെ നോട്ടീസ് അയച്ചത്. എന്നാല്‍ കേസില്‍ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അഭാവമുണ്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്ത ശേഷം മാത്രമാകും കേസില്‍ തുടർ നടപടികൾ ഉണ്ടാകുക. ഈ പശ്ചാത്തലത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനിച്ചത്.
കൊച്ചിയിൽ നടക്കുന്ന സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ സമരത്തിന് ജനപിന്തുണയേറിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്നലെയും സമരപ്പന്തലിലെത്തിയത്. എല്ലാവരും കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചു. നിരവധി സംഘടനകളും പിന്തുണയുമായി സമരപ്പന്തലിലെത്തി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് കന്യാസ്ത്രീകളുടേയും തീരുമാനം.
കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് ജനകീയ ഐക്യദാർഢ്യവുമായി തിരുവനന്തപുരത്തും മനഃസാക്ഷി കൂട്ടായ്മ സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന കൂട്ടായ്മ വി.എം സുധീരൻ ഉത്ഘാടനം ചെയ്തു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ മനഃസാക്ഷി കൂട്ടായ്മയിൽ എത്തിയവർ ബാനറുകളിൽ പേരെഴുതിയും മെഴുകുതിരി കത്തിച്ചും നീതിക്ക് വേണ്ടി പോരാടുന്ന മാലാഖമാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പിനെതിരായ കേസില്‍ പൊലീസ് മനഃപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എം സുധീരന്‍ പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്ന് വി.ടി ബൽറാം എം.എല്‍.എ പറഞ്ഞു. പോലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിയാളുകള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
Adjust Story Font
16