കോട്ടയത്ത് ഗുഡ്സ് ട്രെയിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തുരങ്കത്തിനുള്ളിലൂടെ ട്രെയില്‍ കടന്നപ്പോള്‍ ചോര്‍ച്ചയുണ്ടായിരുന്ന ടാങ്കറിന്റെ ഭാഗത്ത് മുകളിലത്തെ വൈദ്യുതി ലൈനില്‍ നിന്നും തീപിടിക്കുകയായിരുന്നു
കോട്ടയം മുട്ടമ്പലത്ത് ഗുഡ്‌സ് ട്രെയിനില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് തീപടര്‍ന്നത് ആശങ്കയുണ്ടാക്കി. ഇരുമ്പനത്ത് നിന്ന് തിരുനെല്‍വേലിക്ക് പോയ ഇന്ധന ടാങ്കറിനാണ് ചോര്‍ച്ചയുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ചോര്‍ച്ച പരിശോധിക്കുന്നതിനിടെ അനുമതിയില്ലാതെ ട്രെയിന്‍ വിട്ട് പോയത് ആശങ്കയുണ്ടാക്കി.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇരുമ്പനത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ കോട്ടയം മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍വേ ഗേറ്റിനു സമീപത്ത് എത്തിയപ്പോഴാണ് ടാങ്കറില്‍ തീപിടിച്ചത്. തുരങ്കത്തിനുള്ളിലൂടെ ട്രെയില്‍ കടന്നപ്പോള്‍ ചോര്‍ച്ചയുണ്ടായിരുന്ന ടാങ്കറിന്റെ ഭാഗത്ത് മുകളിലത്തെ വൈദ്യുതി ലൈനില്‍ നിന്നും തീപിടിക്കുകയായിരുന്നു. ഗാര്‍ഡ് ഉടന്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു.
തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആറിലധികം അധികം ടാങ്കറുകളില്‍ ചോര്‍ച്ച കണ്ടെത്തി. ഇത് പരിശോധിക്കുന്നതിനിടെ അനുമതിയില്ലാതെ ട്രെയിന്‍ യാത്ര തുടര്‍ന്നത് ആശങ്കയുണ്ടാക്കി. പരിശോധന നടത്തിക്കൊണ്ടിരുന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സ്‌റ്റേഷന്‍മാസ്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം സ്‌റ്റേഷനില്‍ യാത്ര അവനിപ്പിച്ചു. ഇന്ധനം ചോര്‍ന്നതിനെ കുറിച്ചും തീ പടര്‍ന്നതിനെ കുറിച്ചും റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പില്ലാതെ ട്രെയിന്‍ വിട്ട് പോയതിനെ കുറിച്ചും അന്വേഷിക്കും.
Adjust Story Font
16