ചാരകേസ് ചിലര്‍ക്ക് ഭാഗ്യകേസ് കൂടിയാണ്
ഒരു പ്രത്യേകത ഈ കേസിൽ നമ്പി നാരായണന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ഉണ്ട്. നമ്പിക്ക് വേണ്ടി ഹാജർ ആയിട്ടുള്ള പലരും പിൽക്കാലത്ത് ജഡ്ജിമാരോ, സർക്കാരിന്റെ അഭിഭാഷകരോ ഒക്കെയായി മാറി.
ഐ.എസ്.ആർ.ഒ കേസില്‍ വിചാരണ കോടതി മുതല്‍ സുപ്രിം കോടതി വരെ ഹാജരായ അഭിഭാഷക ബുദ്ധി കേന്ദ്രങ്ങളെ കുറിച്ച് പറയുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബി ബാലഗോപാല്‍. കേസില്‍ നമ്പി നാരായണന് വേണ്ടി ഹാജരായ പലരും പിൽകാലത്ത് ജഡ്ജിമാരോ, സർക്കാരിന്റെ അഭിഭാഷകരോ ഒക്കെ ആയിട്ടുണ്ട്. അത് കൊണ്ടാണ് ചാര കേസ് ചിലർക്ക് എങ്കിലും ഭാഗ്യ കേസ് ആണെന്ന് കോടതികളുടെ ഇടനാഴികളിൽ പലരും അടക്കം പറയുന്നതെന്ന് ബാലഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചിലർക്ക് ഇത് 'ചാര' കേസ്. മറ്റ് ചിലർക്ക് ഇത് 'ഭാഗ്യ' ഹരജി
നമ്പി നാരായണന്റെയും ഐ.എസ്.ആർ.ഒ ചാര കേസിന്റെയും ചരിത്രം പലരും എഴുതിയിട്ടുണ്ട്. ഇന്ന് വായിച്ച പത്രങ്ങളിൽ ഒക്കെ കേസിന്റെ നാൾവഴികളെ കുറിച്ച് വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ഈ കേസിൽ ഹാജർ ആയിരുന്ന അഭിഭാഷക ബുദ്ധി കേന്ദ്രങ്ങളെ കുറിച്ച് ആരും എഴുതി കണ്ടില്ല. ഇവരിൽ പലരും ഐ.എസ്.ആർ.ഒ കേസിലെ അറിയപ്പെടാത്ത നായകരാണ്.
ഒരു പ്രത്യേകത ഈ കേസിൽ നമ്പി നാരായണന് വേണ്ടി ഹാജർ ആയ അഭിഭാഷകർക്ക് ഉണ്ട്. നമ്പിക്ക് വേണ്ടി ഹാജർ ആയിട്ടുള്ള പലരും പിൽക്കാലത്ത് ജഡ്ജിമാരോ, സർക്കാരിന്റെ അഭിഭാഷകരോ ഒക്കെ ആയിട്ടുണ്ട്. അത് കൊണ്ടാണ് ചാര കേസ് ചിലർക്ക് എങ്കിലും ഭാഗ്യ കേസ് ആണെന്ന് കോടതികളുടെ ഇടനാഴികളിൽ പലരും അടക്കം പറയുന്നത്. നമ്പിയുടെ അഭിഭാഷകരുടെ ചരിത്രം ഇങ്ങനെ.
വി ജി ഗോവിന്ദൻ നായർ
**************************
1994 ൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജർ ആക്കിയപ്പോൾ അദ്ദേഹത്തിന് വേണ്ടി ഹാജർ ആയത് വി.ജി ഗോവിന്ദൻ നായർ. ആമുഖങ്ങൾ ആവശ്യം ഇല്ലാത്ത അഭിഭാഷകൻ ആണ് തിരുവനന്തപുരം വട്ടപ്പാറ പട്ടാഴിയിക്ക് സമീപത്ത് ജനിച്ച വി.ജി ഗോവിന്ദൻ നായർ. തിരുവനന്തപുരത്ത് നമ്പി നാരായണന്റെ കേസുകൾ നടത്തിയിരുന്നതും വി.ജി ഗോവിന്ദൻ നായർ ആയിരുന്നു.
വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വി.ജി ഗോവിന്ദൻ നായരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ആയി നിയമിക്കുന്നത് വരെ ഐ.എസ്.ആര്‍.ഒ ചാരകേസിന്റെ ഫയലുകൾ വി.ജി യുടെ ഓഫീസിലെ ഹൈ പ്രൊഫൈല്‍ കേസ് ഫയലുകൾ ആയി തുടർന്നു. കൈതമുക്കിലെ വി.ജി ഗോവിന്ദൻ നായരുടെ വീട്ടിൽ നിന്ന് ആരംഭിച്ച നിയമ പോരാട്ടം ആണ് ജസ്റ്റിസ് ഡി.കെ ജെയിൻ കമ്മിറ്റിക്ക് മുമ്പാകെ ഇപ്പോൾ എത്തി നിൽക്കുന്നത്.
ഭാസുരേന്ദ്രൻ നായർ
*********************
വി ജി ഗോവിന്ദൻ നായർ തിരുവനന്തപുരത്ത് നിന്ന് ഹൈകോടതിയിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിലേക്ക് കൂടു മാറിയപ്പോൾ നമ്പി നാരായണന്റെ കേസ് ഫയലുകൾ തിരുവനന്തപുരത്തെ പ്രശസ്ത സിവിൽ അഭിഭാഷകൻ ഭാസുരേന്ദ്രൻ നായരുടെ കസ്റ്റഡിയിലേക്ക് മാറി. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ ഫയൽ ചെയ്തിരിക്കുന്ന സിവിൽ സ്യുട്ടിൽ ഹാജർ ആകുന്നതും ഭാസുരേന്ദ്രൻ നായർ ആണ്. ആ കേസിന്റെ നടപടികൾ ഇപ്പോഴും തിരുവനന്തപുരത്ത് പുരോഗമിക്കുക ആണ്.
എം.എൻ സുകുമാരൻ നായർ
***************************
ഐ.എസ്.ആര്‍.ഒ ചാരകേസിൽ റാം ജെത്മലാനിയും ആയി കേരള ഹൈകോടതിയിൽ നമ്പി നാരായണന് വേണ്ടി കൊമ്പ് കോർത്ത പ്രഗത്ഭ ക്രിമിനൽ അഭിഭാഷകൻ. പിൽകാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ കെ.ജി ബാലകൃഷ്‌ണൻ കേരള ഹൈകോടതി ജഡ്ജി ആയിരുന്ന കാലത്ത് ആയിരുന്നു, അദ്ദേഹം നേതൃത്വം നൽകിയ ബെഞ്ചിന് മുമ്പാകെ ഈ കൊമ്പ് കോർക്കൽ നടന്നത്.
ഐ.എസ്.ആര്‍.ഒ ചാരക്കേസും, നമ്പി നാരായണന്റെ വക്കാലത്തും കേരള ഹൈകോടതിയിൽ ആദ്യം എത്തുന്നത് എം.എൻ സുകുമാരൻ നായരുടെ ഓഫീസിൽ ആണ്. സുകുമാരൻ നായരും മകൻ എസ്. വിജയകുമാറും ആയിരുന്നു കേരള ഹൈകോടതയിലെ നമ്പിയുടെ ആദ്യ അഭിഭാഷകർ. നമ്പിയുടെ ഹർജി ഡ്രാഫ്റ്റ് ചെയ്തത് വിജയകുമാറും. വിജയകുമാറിന്റെ പേര് ജഡ്ജി ആയി നിയമിക്കാൻ ഹൈകോടതി കൊളീജിയം പിൽകാലത്ത് ശുപാർശ ചെയ്തിരുന്നു. എന്നാൽ അതിൽ സുപ്രീം കോടതി കൊളീജിയം തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് വിജയകുമാർ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ
*******************
എം.എൻ സുകുമാരൻ നായരുടെ മരണത്തെ തുടർന്ന് നമ്പി നാരായണന്റെ ഹർജിയും വക്കാലത്തും തോട്ടത്തിൽ ബി രാധാകൃഷ്‌ണന്റെ ഓഫീസിലേക്ക് ചേക്കേറി. അവിടെ അധിക കാലം ആ ഫയലുകൾക്ക് വിശ്രമിക്കാൻ ആയില്ല. തോട്ടത്തിൽ ബി രാധാകൃഷ്ണൻ വൈകാതെ കേരള ഹൈകോടതി ജഡ്ജി ആയി. നിലവിൽ തെലുങ്കാന ആന്ധ്ര പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആണ് തോട്ടത്തിൽ. നമ്പിയുടെ നിയമപോരാട്ടം അടുത്ത ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പ് തോട്ടത്തിൽ ഒരു പക്ഷേ സുപ്രീം കോടതിയിൽ എത്തിയേക്കും.
വി ഗിരി
********
ഹൈകോടതിയിലും സുപ്രീം കോടതിയിലും നമ്പിക്ക് വേണ്ടി ഹാജർ ആയിട്ടുള്ള പ്രഗത്ഭ അഭിഭാഷകൻ. തോട്ടത്തിൽ ഹൈകോടതി ജഡ്ജി ആയതിനെ തുടർന്നാണ് നമ്പി നാരായണൻ വി ഗിരിക്ക് വക്കാലത്ത് നൽകുന്നത്. നമ്പി നാരായണന് വേണ്ടി ഹൈകോടതിയിൽ വി ഗിരി ആദ്യം വാദിച്ച കേസ് ദേശീയ മനുഷ്യാ അവകാശ കമ്മീഷൻ പ്രഖ്യാപിച്ച നഷ്ടപരിഹാരം സംബന്ധിച്ച ഹർജി.
നിലവിൽ സുപ്രീം കോടതി ജഡ്ജി ആയി കെ.എം ജോസഫിന് മുമ്പാകെ ആയിരുന്നു ഹൈക്കോടതിയിൽ ഗിരിയുടെ വാദം. പക്ഷേ കേസിൽ വിധി നമ്പിക്ക് അനുകൂലം ആയില്ല. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ ഗിരി അപ്പീൽ ഫയൽ ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ഉള്ളിൽ ഗിരി ഹൈകോടതി ജഡ്ജി ആയി ഉയർത്തപ്പെട്ടു. ഒരിക്കൽ ഹൈകോടതിയിൽ നേരിട്ട പരാജയത്തിന് ഗിരി മധുരമായ പ്രതികാരം വീട്ടി. ഇങ്ങ് സുപ്രീം കോടതിയിൽ. അതേ കുറിച്ച് അവസാനം എഴുതാം.
കെ.പി ദണ്ഡപാണി
*******************
ഗിരി ഹൈ കോടതി ജഡ്ജി ആയതിനെ തുടർന്ന് നമ്പി നാരായണന്റെ ഫയലുകൾ ദണ്ഡപാണി അസ്സോസിയേറ്റ്സിൽ എത്തി. കെ.പി ദണ്ഡപാണിയും ഹൈകോടതിയിൽ നമ്പി നാരായണന് വേണ്ടി നിരവധി തവണ ഹാജർ ആയിട്ടുണ്ട്. ജഡ്ജി ആയില്ല എങ്കിലും ദണ്ഡപാണിക്കും ലഭിച്ചു ഭാഗ്യം. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ആയിരുന്നു ദണ്ഡപാണിയുടെ ഉയർച്ച.
സി ഉണ്ണികൃഷ്‌ണൻ
*****************
ദണ്ഡപാണി അഡ്വക്കേറ്റ് ജനറൽ ആയതോടെ ആണ് സി ഉണ്ണിക്കൃഷ്‌ണനെ തേടി നമ്പി നാരായണന്റെ ഫോൺ കോൾ എത്തിയത്. വി ഗിരിയെ പോലെ ഹൈകോടതിയിലും സുപ്രീം കോടതിയിലും നമ്പി നാരായണന് വേണ്ടി ഹാജർ ആയിട്ടുള്ള അഭിഭാഷകൻ ആണ് കൊല്ലം സ്വദേശി ഉണ്ണികൃഷ്‌ണൻ. ഉണ്ണിയെ കേസ് ഏൽപ്പിക്കാൻ ഇടയായ സാഹചര്യം നമ്പി നാരായണൻ തന്നെ എന്നോട് ഒരു സൗഹൃദ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. അതേ കുറിച്ചും അവസാനം എഴുതാം.
എസ് മുരളീധർ
**********************
1990 കളുടെ മധ്യത്തിൽ ആണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് സുപ്രീം കോടതിയിൽ ആദ്യം എത്തുന്നത്. നമ്പി നാരായണൻ എന്ന വ്യക്തി ആദ്യമായി സുപ്രീം കോടതിയിൽ എത്തുന്നതും ആ കാലത്ത്. എന്ത് കൊണ്ടോ നമ്പി മലയാളികൾക്ക് വക്കാലത്ത് നൽകിയില്ല. എസ് മുരളീധർ എന്ന ചെറുപ്പക്കാരൻ ആയ അഭിഭാഷകന് ആയിരുന്നു നമ്പി വക്കാലത്ത് നൽകിയത്.
സുപ്രീം കോടതിയിലെ നമ്പി നാരായണന്റെ ആദ്യ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് എസ് മുരളീധർ ഇന്ന് നിയമ രംഗത്ത് അതിപ്രശസ്തൻ ആണ്. അഭിഭാഷകൻ ആയി അല്ല. ഡൽഹി ഹൈകോടതിയിലെ ഏറ്റവും ഊർജസ്വലൻ ആയ ജഡ്ജി എന്ന നിലയിൽ. ഡൽഹി ഹൈകോടതി സീനിയോറിറ്റിയിൽ നിലവിൽ നാലാമൻ ആണ് ഡോ. എസ് മുരളീധർ എന്ന ന്യായാധിപൻ. വൈകാതെ ഹൈകോടതി ചീഫ് ജസ്റ്റിസും, പിന്നീട് സുപ്രീം കോടതി ജഡ്ജിയും ആകാൻ ഇടയുള്ള വ്യക്തി.
കെ കെ വേണുഗോപാൽ
*********************************
ഐ.എസ്.ആര്‍.ഒ ചാര കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ പ്രതികൾ എല്ലാം ചേർന്ന് ആണ് അഭിഭാഷകരെ വച്ചത്. സീനിയർ അഭിഭാഷകൻ കെ.കെ വേണുഗോപാൽ ആയിരുന്നു അതിൽ ഒരാൾ. വേണുഗോപാൽ പിന്നീട് രാജ്യത്തിന്റെ അറ്റോർണി ജനറൽ ആകുന്ന ആദ്യ മലയാളി ആയി.
ഹരീഷ് സാൽവേ
************************
1998 ൽ ആയിരുന്നു ഹരീഷ് സാൽവെ ചാര കേസിൽ ആദ്യം ഹാജർ ആകുന്നത്. ജസ്റ്റിസുമാരായ എം.കെ മുഖർജി, എസ്.എസ് ക്വാദ്രി എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ആയിരുന്നു സാൽവേയുടെ വാദം. കോടതി രേഖകളിൽ സാൽവേ ഹാജർ ആയിരിക്കുന്നത് കേസിലെ പ്രതി ആയിരുന്ന എസ്.കെ ശർമ്മയ്ക്ക് വേണ്ടി ആണ്. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ പ്രതികൾ എല്ലാം ചേർന്ന് ആണ് അഭിഭാഷകരെ വച്ചിരുന്നത്.
സാൽവേയെ കേസ് ബ്രീഫ് ചെയ്യാൻ അക്കാലത്ത് പോയിരുന്ന കഥകൾ നമ്പി നാരായണൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. സാൽവേയ്ക്ക് എതിരെ സംസ്ഥാന സർക്കാർ അന്ന് ഇറക്കിയത് ശാന്തി ഭൂഷണെ. വിജയം സാൽവേയും നമ്പിക്കും ഒപ്പം ആയിരുന്നു. ഐ.എസ്.ആര്‍.ഒ ചാരകേസിൽ ഹാജരായി ഒന്നര വർഷത്തിന് ശേഷം ഹരീഷ് സാൽവെ രാജ്യത്തെ സോളിസിറ്റർ ജനറൽ ആയി നിയമിക്കപ്പെട്ടു.
കെ പരാശരൻ
********************
മുൻ അറ്റോർണി ജനറൽ പരാശരൻ ഐ.എസ്.ആര്‍.ഒ ചാര കേസിന് ആയി ഏതെങ്കിലും കോടതിയിൽ ഹാജർ ആയിട്ടുള്ളതായി അറിയില്ല. പക്ഷേ പരാശരന്റെ പേര് കേസുമായി ബന്ധപ്പെട്ട ഒരു രേഖയിൽ ഞാൻ കണ്ടിട്ടുണ്ട്. ദേശിയ മനുഷ്യാവകാശ കമ്മീഷനിൽ നമ്പി നാരായണൻ നൽകിയ ഹർജി "വെറ്റ്" ചെയ്തിരിക്കുന്നത് പരാശരൻ ആണ്. പരാശരന് പിൽകാലത്ത് പദ്മ ഭൂഷൺ, പദ്മ വിഭൂഷൺ, രാജ്യസഭാ നോമിനേഷൻ എന്നിവ ലഭിച്ചു.
ക്ളൈമാക്സ് രംഗങ്ങളിൽ സുപ്രീം കോടതിയിൽ വാദിച്ചവർ
********************************************
2015 ജൂണിൽ ആണ് സിബി മാത്യൂസ്, കെ,കെ ജോഷ്വ, എസ് വിജയൻ എന്നിവർക്ക് എതിരെയുള്ള നിയമ പോരാട്ടത്തിനായി നമ്പി നാരായണൻ ഡൽഹിയിൽ എത്തുന്നത്. ഒപ്പം ഉണ്ടായിരുന്നത് ഒരു ബ്രീഫ് കേസും, ഉണ്ണികൃഷ്‌ണൻ എന്ന അഭിഭാഷകനും. കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടയിൽ ചാര കേസ് എന്നൊക്കെ സുപ്രീം കോടതി പരിഗണിച്ചിട്ടുണ്ടോ അന്നൊക്കെ നമ്പി നാരായണനും ഒപ്പം കോടതിയിൽ ഉണ്ണിയും കാണുമായിരുന്നു. ഇന്നലെ ആ പതിവ് തെറ്റി. ഉണ്ണി ഒറ്റയ്ക്ക് ആയിരുന്നു ഇന്നലെ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഐ.എസ്.ആര്‍.ഒ ചാരകേസിലെ വിധി വായിക്കുമ്പോൾ മുൻ നിരയിൽ നിന്ന ഉണ്ണി കൃഷ്‌ണന്റെ മുഖം ഒരു മിന്നായം പോലെ കണ്ടിരുന്നു. കൂപ്പ് കൈയോടെ ആയിരുന്നു നിൽപ്പ്. വിധി കേട്ട് കോടതിക്ക് പുറത്തേക്ക് എത്തിയപ്പോൾ ആയിരുന്നു പിന്നീട് കണ്ടത്. ലോകം കീഴ്പ്പെടുത്തിയ സന്തോഷം ആ മുഖത്ത് പ്രകടം ആയിരുന്നു.
എൻറിക്ക ലെക്സി കേസാണ് ഉണ്ണികൃഷ്‌ണനെ ചാരകേസിൽ എത്തിച്ചത് എന്ന് നമ്പി നാരായണൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. എൻറിക്ക ലെക്സി കേസിൽ മൽസ്യ തൊഴിലാളി കുടുംബത്തിന് വേണ്ടി ഹൈകോടതിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി നൽകിയത് ഉണ്ണി ആയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഉണ്ണിയെ വക്കാലത്ത് ഏൽപ്പിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു നമ്പി പറഞ്ഞത്. ഉണ്ണികൃഷ്‌ണൻ ഫീസോ, യാത്രാകൂലിയോ പോലും വാങ്ങാതെ ആണ് ഈ കേസിൽ ഹാജർ ആയികൊണ്ടിരുന്നത്. അത്രയ്ക്ക് വൈകാരികത ഈ കേസിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
വി ഗിരി ആയിരുന്നു സുപ്രീം കോടതിയിലെ നമ്പി നാരായണന്റെ സീനിയർ അഭിഭാഷകൻ. ഹൈകോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ ഒരിക്കൽ ഏറ്റ പരാജയത്തിന് ഗിരി സുപ്രീം കോടതിയിൽ മധുരമായ പ്രതികാരം വീട്ടി. ഗിരിയുടെ പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവിക്കുമ്പോൾ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. ഗിരി ഹാജർ ആകാതിരുന്ന ദിവസം ഉണ്ണികൃഷ്‌ണൻ ആയിരുന്നു വാദിച്ചത്. കെ.ബി സൗന്ദർ രാജൻ ആയിരുന്നു ഇത്തവണ നമ്പി നാരായണന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് .
ഐ.എസ്.ആര്‍.ഒ ചാരകേസിനെ കുറിച്ച് നമ്പി നാരായണൻ പുസ്തകം എഴുതിയിട്ടുണ്ട്. അടുത്ത് തന്നെ അത് ചലച്ചിത്രം ആകും. എന്നാൽ അതിൽ ഒന്നും ഈ കേസിന്റെ നിയമപോരാട്ടങ്ങളെ കുറിച്ചോ, അതിലെ ലീഗൽ ബ്രൈൻസിനെ കുറിച്ചോ അധികം ഉണ്ടാകാൻ ഇടയില്ല. ഈ കേസിന്റെ നിയമപോരാട്ടങ്ങളെ കുറിച്ച് പല ദിവസങ്ങളും നമ്പി നാരായണനും ആയി സുപ്രീം കോടതിയിൽ വച്ച് സംസാരിച്ചിട്ടുണ്ട്. ഓരോ അഭിഭാഷകരും ഈ കേസിലേക്ക് എങ്ങനെ എത്തി, അവരുടെ ശൈലി എങ്ങനെ എന്നൊക്കെ അറിയാൻ ഉള്ള ഒരു ചെറിയ ഗവേഷണ ശ്രമം ആയിരുന്നു അത്. ഇതിൽ ഏതെങ്കിലും പേരുകൾ വിട്ടു പോയിട്ടുണ്ടോ എന്ന് അറിയില്ല. സൗഹൃദ സംഭാഷണങ്ങളിൽ കേട്ടത് എല്ലാം കോർത്ത് ഇണക്കി ആണ് ഈ പോസ്റ്റ് തയ്യാർ ആക്കിയത്.
ചിലർക്ക് ഇത് "ചാര" കേസ്. മറ്റ് ചിലർക്ക് ഇത് "ഭാഗ്യ" ഹർജി ***************************** നമ്പി നാരായണന്റെയും, ഐ എസ് ആർ...
Posted by Balagopal. B. Nair on Friday, September 14, 2018
Adjust Story Font
16