‘ഞങ്ങൾക്ക് നിങ്ങളുടെ അവാർഡ് വേണ്ട, വള്ളം നന്നാക്കാനുള്ള പണം മതി’; സർക്കാരിനോട് മൽസ്യ തൊഴിലാളികൾ
കേരളത്തിന്റെ ‘സൂപ്പർ ഹീറോകൾ’ എന്നും ‘സൈന്യമെന്നും’ കൊട്ടിയാഘോഷിച്ച മൽസ്യ തൊഴിലാളികൾക്ക് പ്രളയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സർക്കാരിൽ നിന്നും അവഗണന മാത്രം ബാക്കി. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്താൻ സഹായിക്കുന്നതിനിടയിൽ കേട്പാട് സംഭവിച്ച ബോട്ടുകൾ പുനർ നിർമിക്കാൻ സർക്കാർ തലത്തിൽ പണം നൽകുമെന്ന വാഗ്ദാനം ഇത് വരെ നടപ്പിലായിട്ടില്ലെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്.
നൂറിലധികം വള്ളങ്ങളായിരുന്നു പ്രളയം ബാധിച്ച കേരളത്തിന് രക്ഷാ ദൗത്യത്തിനായി വന്നിരുന്നത്. പല വള്ളങ്ങൾക്കും രക്ഷാപ്രവർത്തനത്തിനിടയിൽ മതിലിനിടിച്ചും മരത്തിൽ തട്ടിയും കനത്ത കേടുപാടുകൾ സംഭവിച്ചിരുന്നു. പ്രളയം കഴിഞ്ഞു എല്ലാ വള്ളങ്ങളും ഇപ്പോൾ റിപ്പയറിങ്ങിന് നിർദ്ദേശിച്ചിരിക്കുകയാണ്. കൊല്ലം, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നായി 185 വള്ളങ്ങള്‍ വന്നതിൽ 138 വള്ളങ്ങളും കേടുപാട് തീർത്ത് നന്നാകേണ്ടതാണ്. വള്ളങ്ങളെല്ലാം തകർന്നത് കൊണ്ട് പണിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് മൽസ്യ തൊഴിലാളികളെന്ന് കേരള മൽസ്യ തൊഴിലാളി ഐക്യ വേദി പ്രസിഡന്റ് ചാൾസ് പറയുന്നു.
‘ഒരു മാസത്തിലധികമായി മൽസ്യ തൊഴിലാളികളെല്ലാം ജോലിയില്ലാതെ വീട്ടിൽ തന്നെയാണ്, പലരുടെയും കൈയ്യിൽ വള്ളം നന്നാക്കാനുള്ള പണമില്ല. പണമുള്ള ചിലർ നന്നാക്കിയ വള്ളത്തിന്റെ ബില്ല് സർക്കാരിന് കൊടുത്ത് പണം കിട്ടാനുള്ള കാത്തിരിപ്പിലാണ്’; ചാൾസ് പറയുന്നു
‘രണ്ടര കോടിയാണ് സർക്കാർ വള്ളങ്ങളുടെ തകരാറുകൾ തീർക്കാൻ മാറ്റി വെച്ചിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ കാരണമാണ് പണം ലഭിക്കാൻ താമസിക്കുന്നെതെന്നാണ് അറിയാൻ കഴിഞ്ഞത്. ഓരോ ദിവസം കടന്ന് പോവുമ്പോഴും ഞങ്ങളുടെ നഷ്ടം കൂട്ടുകയാണ്’; ചാൾസ് കൂട്ടിച്ചേർത്തു.
പണം കുറച്ച് കഴിഞ്ഞു കിട്ടിയിട്ട് കാര്യമില്ലെന്നും ഒക്ടോബർ കാലമാണ് മൽസ്യ തൊഴിലാളികളുടെ ചാകര കാലമെന്നും ദേശീയ മൽസ്യ തൊഴിലാളി ഫോറത്തിന്റെ ജനറൽ സെക്രെട്ടറി ടി. പീറ്റർ പറയുന്നു. ഫൈബർ കോട്ടിങ് മാറ്റി പുതിയതാക്കാനും കേടായ എൻജിൻ ബോട്ട് എന്നിവ മാറ്റിയുള്ള റിപ്പയറിങ്ങാണ് ഏകദേശം എല്ലാ വള്ളങ്ങൾക്കും വേണ്ടത്. കുറഞ്ഞ പണം കൊണ്ട് തീർക്കാൻ പറ്റിയ കേടുപാടുകൾ സംഭവിച്ച വള്ളങ്ങളുമുണ്ട്, 50000 രൂപ കൊണ്ട് തീർക്കാൻ പറ്റിയ കേട്പാടുകളുമുണ്ടെന്ന് പീറ്റർ പറയുന്നു. 4500 മൽസ്യ തൊഴിലാളികളിൽ 1669 ഓളം വള്ളങ്ങൾ പ്രളയ സമയത്ത് കേരളത്തിന് രക്ഷക്കായി വന്നിട്ടുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതു വൈപ്പിനിൽ നിന്നുള്ള മൽസ്യ തൊഴിലാളികളാണ് ആദ്യം രക്ഷാ ദൗത്യത്തിന് ഇറങ്ങിയത്. 12 വള്ളങ്ങളുമായി രക്ഷ പ്രവർത്തനത്തിനിറങ്ങിയ പുതു വൈപ്പിൻക്കാർക്ക് മൂന്ന് വള്ളങ്ങൾ കേട് പാടുകൾ കാരണം മാത്രം ഉപയോഗ ശൂന്യമായിട്ടുണ്ട്.
‘അറ്റകുറ്റപണികളെല്ലാം സംസ്ഥാന സർക്കാരിന്റെ മാർഗ നിർദ്ദേശം അനുസരിച്ച് സർക്കാർ പറയുന്ന സ്ഥലങ്ങളിൽ വെച്ച് മാത്രമാണ് നടത്തുന്നത്. ചെറിയ കേടുപാടുകളെല്ലാം മൽസ്യ തൊഴിലാളികൾക്ക് മാത്രം ചെയ്യാവുന്നതേയുള്ളൂ, പക്ഷെ വള്ളം വണ്ടിയിൽ കയറ്റി യാർഡിൽ എത്തിക്കണമെങ്കിൽ ഏകദേശം 10000 രൂപയെങ്കിലും ചെലവാകും അത് മാത്രമല്ല യാർഡുകാർ വലിയ വള്ളങ്ങളാണ് ആദ്യം അറ്റകുറ്റപ്പണികൾക്ക് എടുക്കുക. അത് കേടുപാട് തീർക്കുന്നതിന് പിന്നയും സമയമെടുക്കുന്നതിലേക്ക് എത്തിക്കും. ഇതൊഴിവാക്കാൻ പ്രാദേശിക തലങ്ങളിൽ ആളുകളെ വെച്ച് അറ്റ കുറ്റപ്പണി തീർക്കാൻ നിർബന്ധിതരായിരിക്കുകയാണ് മൽസ്യ തൊഴിലാളികൾ’; ചാൾസ് പറയുന്നു
സർക്കാർ ഉദ്യോഗസ്ഥർ തകരാറിലായ വള്ളങ്ങളുടെ ഫോട്ടോകളൊക്കെ എടുത്ത് പോയതാണ്. പക്ഷെ ഇത് വരെ ആർക്കും പണമൊന്നും ലഭിച്ചില്ലെന്ന് ചാൾസ് കൂട്ടി ചേർത്തു. വള്ളങ്ങൾക്ക് മാത്രമല്ല മൽസ്യ തൊഴിലാളികൾക്കും സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു. പ്രളയത്തിൽ സ്വന്തം ജീവൻ പോലും അവഗണിച്ച് രക്ഷക്കെത്തിയ മൽസ്യ തൊഴിലാളികളിൽ ചിലരാണ് എറണാകുളത്തുള്ള ആൽബിയും സുരേഷും, ഇവർക്ക് എറണാകുളം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ ലഭിക്കാൻ മൽസ്യ തൊഴിലാളികൾക്ക് സമരം ചെയ്യേണ്ടി വന്നുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ആൽബി സർക്കാർ സഹായത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും അവർ പറയുന്നു.
പണം ലഭിക്കാനുള്ള സർക്കാർ കാല താമസത്തിൽ മൽസ്യ തൊഴിലാളികൾ കടുത്ത പ്രതിഷേധത്തിലാണ്. വരുന്ന 24ന് ഫിഷറീസ് മന്ത്രിയുമായിട്ടുള്ള ചർച്ചയിൽ പ്രതീക്ഷയിലാണ് മൽസ്യ തൊഴിലാളികൾ. ‘ഞങ്ങൾക്ക് അവാർഡും മെഡലുമൊന്നും വേണ്ട കേരളത്തിന്റെ സൈന്യമെന്നും പുകഴ്ത്തലും വേണ്ട, ഞങ്ങൾക്ക് ഞങ്ങളുടെ വള്ളങ്ങളുടെ തകരാറ് പരിഹരിച്ച് കടലിൽ പോകാൻ അനുവദിക്കണം’ പീറ്റർ പറഞ്ഞു നിർത്തുന്നു.
Adjust Story Font
16