ബിഷപ്പിന്‍റെ അറസ്റ്റ് അവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം 13ാം ദിവസത്തില്‍
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് അവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തുന്ന സമരം പതിമൂന്നാം ദിവസവും തുടരുന്നു. സമരം ശക്തമായി തുടരാനാണ് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ചോദ്യം ചെയ്യലിൽ പ്രതീക്ഷയുണ്ടെന്നാണ് സമര സമിതിയുടെ നിലപാട്.
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിനായി സമ്മർദം ശക്തമാക്കുകയാണ് സമര സമിതി. കന്യാസ്ത്രീകൾ പ്രത്യക്ഷ സമരം തുടങ്ങി 13 ദിവസമായിട്ടും അറസ്റ്റ് വൈകുന്നതിനാൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് നീക്കം. വിവിധ ജില്ലകളിൽ കൂടുതൽ സമര ഐക്യദാര്‍ഢ്യ യോഗങ്ങളും വിളിച്ചിട്ടുണ്ട്. സമരത്തിന് ബഹുജന പിന്തുണ വർധിച്ചത് ഗുണപരമായ മുന്നേറ്റമായി സമരസമിതി വിലയിരുത്തുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും അറസ്റ്റുണ്ടായില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന മുന്നറിയിപ്പും സമര സമിതി നൽകുന്നുണ്ട്.
ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് ദിവസം നിരാഹാര സമരം നടത്തിയ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂടുതൽ പേരെ അണിനിരത്തി സമ്മർദ ശ്രമങ്ങൾക്ക് കരുത്ത് പകരാനാണ് സമര സമിതിയുടെ ശ്രമം.
Adjust Story Font
16