Quantcast

ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല; പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത: ഫാ. മാത്യു മണവത്ത്

ഇത് പേജിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തക്കെതിരെ ഫാ. മാത്യു മണവത്ത് രംഗത്തെത്തിയതോടെ ബി.ജെ.പി കേരള പോസ്റ്റ് തിരുത്തി.

MediaOne Logo

Web Desk

  • Published:

    23 Sep 2018 6:10 AM

ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല; പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത: ഫാ. മാത്യു മണവത്ത്
X

ബി.ജെ.പിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫാ. മാത്യു മണവത്ത്. ബി.ജെ.പി കേരളയെന്ന ഔദ്യോഗിക ഫേസ്‍ബുക്ക് പേജില്‍ വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് പേജിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തക്കെതിരെ ഫാ. മാത്യു മണവത്ത് രംഗത്തെത്തിയതോടെ ബി.ജെ.പി കേരള പോസ്റ്റ് തിരുത്തി.

നേരത്തെ ബി.ജെ.പിയില്‍ അംഗത്വമെടുത്തവരെന്ന് ചൂണ്ടിക്കാട്ടി അഞ്ച് പുരോഹിതരുടെ പേര് ഫേസ്‍ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇത് പിന്നീട് കോട്ടയത്ത് ക്രിസ്ത്യൻ പുരോഹിതർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു എന്ന് മാത്രമാക്കി തിരുത്തി. പുരോഹിതരുടെ പേരുകള്‍ പോസ്റ്റില്‍ നിന്ന് ഒഴിവാക്കി. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണമെന്ന് ഫാ. മാത്യു മണവത്ത് വിമര്‍ശിച്ചു. ''ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലെയും അംഗമല്ല ഈ രാത്രിയിൽ പ്രാർത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവർത്തന മണ്ഡലം ആത്മീയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രീയം എന്റെ മേഖലയല്ല. അതു കൊണ്ട് ബി.ജെ.പിയുടെയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'' - ഫാ. മാത്യു മണവത്ത് പറഞ്ഞു. ബി.ജെ.പി കേരളം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ഫാ. മാത്യു മണവത്ത് ആക്ഷേപം ഉന്നയിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.

വ്യാജ വാര്‍ത്തയുടെ പിറവി ശ്രീധരന്‍പിള്ളയുടെ പോസ്റ്റില്‍ നിന്ന്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഫേസ്‍ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും അടിസ്ഥാനമാക്കിയാണ് ബി.ജെ.പി കേരളം വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്. ‘’ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുവാൻ തയ്യാറായ പുരോഹിതരടക്കമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്നത്തെ കോട്ടയത്തെ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ്.’’ - ഇതായിരുന്നു ശ്രീധരന്‍പിള്ളയുടെ പോസ്റ്റ്. ഇത് ബി.ജെ.പി കേരളം ക്രിസ്ത്യന്‍ പുരോഹിതര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തു എന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.

TAGS :

Next Story