പ്രളയക്കെടുതി: കേന്ദ്രത്തോട് കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രത്യേക പാക്കേജ് വേണമെന്നാവശ്യം മുഖ്യമന്ത്രി ഉന്നയിച്ചേക്കും.
പിണറായി
പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനം കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും. പ്രത്യേക പാക്കേജിനുള്ള നിവേദനം തയ്യാറാക്കുകയാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
നാളെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കും. പ്രളയക്കെടുതി നേരിടുന്നതില്‍ സംസ്ഥാനത്തെ കേന്ദ്രസംഘം അഭിനന്ദിച്ചു. സംസ്ഥാനത്തിന്റേത് മാതൃകാപരമായ നടപടിയെന്ന് കേന്ദ്രസംഘം പറഞ്ഞു. ക്യാമ്പുകളെ സംബന്ധിച്ചോ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചോ പരാതി ലഭിച്ചില്ലെന്നും കേന്ദ്രസംഘം പറഞ്ഞു.
പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ വേണ്ടി കേന്ദ്ര ആഭ്യന്തര സ്പെഷ്യല്‍ സെക്രട്ടറി ബി. ആര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് സംസ്ഥാനത്തെത്തിയത്. ഈ മാസം 21 ന് എത്തിയ സംഘം, രൂക്ഷമായ പ്രളയക്കെടുതി നേരിട്ട 12 ജില്ലകളില്‍ 4 ടീമുകളായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തിയത്. പ്രളയക്കെടുതി നാശനഷ്ടങ്ങൾക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ച് 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെടുന്ന നിവേദനം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
നാല് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്രസംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നത്.
Adjust Story Font
16