ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമനടപടിയെടുക്കാൻ തീരുമാനം
കോഴിക്കോട് സബ് കളക്ടര്‍ക്കാണ് തുടര്‍നടപടികളുടെ ചുമതല. ബന്ധുക്കളില്ലാത്തവരെ ഉടന്‍ വൃദ്ധസദനങ്ങളിലേക്ക് മാറ്റും.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമനടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോഴിക്കോട് സബ് കലക്ടര്‍ക്കാണ് തുടര്‍നടപടികളുടെ ചുമതല. ബന്ധുക്കളില്ലാത്തവരെ ഉടന്‍ വൃദ്ധസദനങ്ങളിലേക്ക് മാറ്റും.
24 വയോധികരാണ് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ടത്. ഇതിൽ എട്ടുപേരെ വിവിധ സന്നദ്ധ സംഘടനകൾ ഏറ്റെടുത്തു. 16 പേര് ഇനിയും ബാക്കിയുണ്ട്. ഇതില്‍ 10 പേര്‍ക്ക് ചികിത്സ ആവശ്യമുണ്ട്. ബാക്കിവരുന്ന 6 പേരെ ഉടന്‍ വിവിധ വ്യദ്ധസദനങ്ങളിലേക്ക് മാറ്റും. ഇവരില്‍ മൂന്ന് പേര്‍ക്ക് ബന്ധുക്കളുണ്ടെന്ന് കണ്ടെത്തി. ഇവരുടെ കുടുംബാംഗങ്ങളെ കണ്ട് സംസാരിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി. ഏറ്റെടുക്കാൻ തയ്യാറാകാത്ത മക്കളുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കും. മെഡിക്കൽ കോളേജ് ഉൾപ്പെടെ മറ്റു ആശുപത്രികളിലും ഉപേക്ഷിക്കപ്പെട്ടവരുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ഡി.എം.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16