അധ്യാപകരുടെ പ്രവർത്തന മികവും വിദ്യാർഥികളുടെ അക്കാഡമിക് നിലവാരവും അളക്കാൻ പരിശോധന
സ്കൂളുകളുടെ ഭരണകാര്യങ്ങളും വിലയിരുത്തുന്ന പരിശോധന ഈ അധ്യന വർഷം മുഴുവൻ നീണ്ടു നിൽക്കും. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരുടെ പ്രവർത്തന മികവും വിദ്യാർഥികളുടെ അക്കാഡമിക് നിലവാരവും അളക്കാൻ ഇത്തവണ പുതിയ രീതിയിൽ പരിശോധന നടത്തും. സ്കൂളുകളുടെ ഭരണകാര്യങ്ങളും വിലയിരുത്തുന്ന പരിശോധന ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കും. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ഒരു ദിവസത്തെ ആഘോഷമെന്ന പതിവ് ചട്ടപ്പടി പരിശോധനകൾക്ക് പകരം കൃത്യമായ മാനദണ്ഡം നിശ്ചയിച്ചാണ് ഈ പുതിയ പരീക്ഷ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.
വിദ്യാഭ്യാസ ഉപ ഡയറക്ടർ പരമാവധി സ്കൂളുകളിലെത്തണം. എ.ഇ.ഒയുടെ പരിശോധന ഡിഇഒയും തുടർന്ന് ഡിഡിയും നിരീക്ഷിക്കണം. ടീച്ചിംഗ് മാന്വൽ അനുസരിച്ചാണോ അധ്യാപനമെന്നും ഇക്കാര്യം പ്രധാന അധ്യാപകൻ പരിശോധിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തണം. ഉച്ചഭക്ഷണ പദ്ധതിയും സ്കോളർഷിപ്പും അർഹരിലെത്തുന്നുണ്ടോയെന്നും പരിശോധിക്കും. എല്ലാ മാസവും ഉപജില്ല മുതലുള്ള റിപ്പോർട്ടുകളും അടുത്ത മാസത്തെ സ്കൂൾ പരിശോധന കലണ്ടറും ഡി.പി.ഐക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. വാർഷിക പരിശോധനകൾക്ക് പുറമേ ഒരു തവണയെങ്കിലും എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസർമാർ സന്ദർശനം നടത്തിയിരിക്കണമെന്നും നിർദ്ദേശമുണ്ട്. പരിശോധന കർശനമായിരിക്കുമെങ്കിലും നടപടിയെടുക്കുമെന്ന ഭീഷണിക്കു പകരം എല്ലാം സർഗാത്മകമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
Adjust Story Font
16