Quantcast

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

30,1 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത് കൊണ്ട് പി.കെ ശശിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

MediaOne Logo

Web Desk

  • Published:

    28 Sep 2018 1:57 AM GMT

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
X

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷൻ ഇതുവരെയുള്ള കാര്യങ്ങള്‍ കമ്മിറ്റിയില്‍‌ റിപ്പോര്‍ട്ട് ചെയ്യും. കമ്മീഷന്‍ റിപ്പോർട്ട് സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ശശിക്കെതിരായ നടപടിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ പാലക്കാട് നിന്നുള്ള ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ എ.കെ ബാലനെയും പി.കെ ശ്രീമതിയെയുമായിരുന്നു പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്. കഴിഞ്ഞാഴ്ച എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തി നാലര മണിക്കൂറാണ് പി.കെ ശശിയിൽ നിന്നും കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയത്.

യുവതിയുടെ മൊഴിയില്‍ പേര് പറഞ്ഞിരിക്കുന്ന ആള്‍ക്കാരില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി കമ്മീഷന്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പി.കെ ശശിയുടെ ആരോപണവും കമ്മീഷന്‍ പരിശോധിക്കും.

ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. 30,1 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത് കൊണ്ട് പി.കെ ശശിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. പരാതിയെ കുറിച്ച് യുവതി പുറത്ത് പറയാത്ത സാഹചര്യത്തില്‍ പി.കെ ശശിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള സമ്മര്‍ദ്ദം സി.പി.എം നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നത്.

TAGS :

Next Story