Quantcast

പുതിയ ബ്രൂവറികള്‍ അനുവദിച്ചത് വി.എസ് സര്‍ക്കാരിന്റെ കാലത്തെ കീഴ്‍വഴക്കം മറികടന്നെന്ന് രേഖകള്‍

മദ്യ ഉല്‍പാദന കേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷ വി.എസ് സര്‍ക്കാര്‍ നിരസിച്ച ഉത്തരവാണ് പുറത്തുവന്നത്.

MediaOne Logo

Web Desk

  • Published:

    29 Sep 2018 9:05 AM GMT

പുതിയ ബ്രൂവറികള്‍ അനുവദിച്ചത്  വി.എസ് സര്‍ക്കാരിന്റെ കാലത്തെ കീഴ്‍വഴക്കം മറികടന്നെന്ന് രേഖകള്‍
X

സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ അനുവദിച്ചത് വി എസ് സര്‍ക്കാരിന്‍റെ കാലത്തെ കീഴ് വഴക്കം മറികടന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മദ്യ ഉല്‍പാദന കേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷ വി.എസ് സര്‍ക്കാര്‍ നിരസിച്ച ഉത്തരവാണ് പുറത്തുവന്നത്. 99 ല്‍ ‍നികുതി സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പാലക്കാട്ട് പെരുമാട്ടി പഞ്ചായത്തിലെ സണ്‍കെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ ആള്‍ക്കോള്‍ യൂണിറ്റ് പുതുശ്ശേരിയിലേക്ക് മാറ്റാനാണ് അനുമതി തേടിയത്. 2008 ഏപ്രില്‍ 15 ന് ഇറങ്ങിയ ഉത്തരവിലൂടെ മദ്യശാല ഉല്പാദന കേന്ദ്രം മാറ്റാനുള്ള അപേക്ഷ വി.എസ് സര്‍ക്കാര്‍ തള്ളി. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിത് 689/99/ടിഡി എന്ന നമ്പരായി 1999 ല്‍ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായി ഇറക്കിയ ഉത്തരവാണ്. ഇത് സര്‍ക്കാര്‍ നയമാണെന്നാണ് അപേക്ഷ നിരസിച്ച ഉത്തരവില്‍ പറയുന്നത്. ഇതേ ഉത്തരവ് ചൂണ്ടികാണിച്ചാണ് പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയതെന്നതാണ് വൈരുധ്യം.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പോലും 99 ലെ നികുതി സെക്രട്ടറിയുടെ ഉത്തരവിനെ സര്‍ക്കാര്‍ നയമായി കരുതിയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ഉത്തരവ്. ഇത് മറികടന്നാണ് പിണറായി സര്‍ക്കാര്‍ പുതിയ മദ്യ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയത്. തൃശൂരില്‍ ശ്രീ ചക്ര ഡിസ്റ്റലറിക്ക് സ്ഥലം നിര്‍ണയിക്കാതെ ഡിസ്റ്റലറി അനുവദിച്ചതും ചട്ടലംഘനമാണന്നും റിപ്പോര്‍ട്ടുണ്ട്. മദ്യഉല്പാദനകേന്ദ്രത്തിന് അനുമതി നല്‍കുമ്പോള്‍ സ്ഥലം കൃത്യമായി നിര്‍ണയക്കണമെന്നാണ് ചട്ടം നിഷ്കര്‍ഷിക്കുന്നതെന്നാണ് എക്സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചതില്‍ ചട്ടലംഘനവും അഴിമതിയും ഉണ്ടായെന്ന പ്രതിപക്ഷ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങള്‍

TAGS :

Next Story