കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി എസ്.ബി.ഐ പരസ്യം
‘ഇവിടെനിന്നും വിദേശത്തേയ്ക്ക് പണമയക്കാം’ എന്ന തലക്കെട്ടില്‍ എസ്.ബി.ഐ തയ്യാറാക്കിയ പരസ്യ ബോര്‍ഡിലാണ് കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചിട്ടുള്ളത്.
- Published:
29 Sep 2018 8:45 AM GMT
കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പാലായിലെ കൊട്ടാരമറ്റത്തുള്ള ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എമ്മിനുള്ളിലെ പരസ്യത്തിലാണ് ഇന്ത്യാവിരുദ്ധ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനടക്കം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.
'ഇവിടെനിന്നും വിദേശത്തേയ്ക്ക് പണമയക്കാം' എന്ന തലക്കെട്ടില്‍ എസ്.ബി.ഐ തയ്യാറാക്കിയ പരസ്യ ബോര്‍ഡിലാണ് കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഭൂപടത്തില്‍നിന്നും ഒഴിവാക്കപ്പെട്ട കാശ്മീരിന്റെ ഭാഗം പാകിസ്ഥാന്റതായി ചിത്രീകരിക്കുകയും പാകിസ്ഥാന്റെ ദേശീയപതാകയും ഈ ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. പാലായിലെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ പതിച്ച പരസ്യത്തിലാണ് ഈ ഭൂപടം ഉള്ളത്.
മറ്റ പല സ്ഥലങ്ങളിലും ഇതേ പരസ്യം പതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിക്കാത്ത ഭൂപടം എസ്.ബി.ഐ പ്രസിദ്ധീകരിച്ചതിനെതിരെ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ പരസ്യം പുറത്തുവിടണമെങ്കില്‍ നിരവധി പരിശോധനകള്‍ക്കും അംഗീകാരങ്ങള്‍ക്കും ശേഷം മാത്രമേ സാധിക്കൂ. ബാങ്ക് ഉദ്യോഗസ്ഥരില്‍ ആരുടെയും ശ്രദ്ധയില്‍ ഇത് പെട്ടില്ലെന്നത് ദുരൂഹമാണെന്നും ആരോപണമുണ്ട്.
പരസ്യത്തില്‍ ഇന്ത്യന്‍ ദേശീയപതാക വികലമായി ചിത്രീകരിച്ചിരിക്കുന്നത് ഫ്‌ളാഗ് കോഡിനു വിരുദ്ധമാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി നഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16