Quantcast

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം:‌ തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചര്‍ച്ച

ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ പണിമുടക്കിന് സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.

MediaOne Logo

Web Desk

  • Published:

    30 Sep 2018 12:56 AM GMT

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം:‌ തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചര്‍ച്ച
X

ഒക്ടോബര്‍ രണ്ട് മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ച. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ പണിമുടക്കിന് സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. തൊഴിലാളി യൂണിയനുകളും എം.ഡിയും തമ്മിലെ തര്‍ക്കവിഷയങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തിലെ അനുരഞ്ജന ചര്‍ച്ച. സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം ഏര്‍പ്പെടുത്തിയത് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായിട്ടാണെന്നാണ് പ്രധാന ആക്ഷേപം. ഇക്കാര്യത്തില്‍ യൂണിയനുകളുമായി കരാറിലെത്തണമെന്നും സിംഗിള്‍ ഡ്യൂട്ടി പ്രായോഗികമല്ലാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാക്കരുതെന്നും ഗതാഗമത മന്ത്രി എം.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇന്ധനച്ചെലവിന്റെ പേരില്‍ നിരവധി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് മൂലം ജനങ്ങള്‍ക്ക് നേരിട്ട പ്രയാസങ്ങളും ചര്‍ച്ചക്ക് വരും.

മന്ത്രിയുടെ സാന്നിധ്യത്തിലെ ഉറപ്പുകള്‍ എം.ഡി പാലിക്കില്ലെന്നും അതുകൊണ്ടുതന്നെ ചര്‍ച്ച കൊണ്ട് പ്രയോജനമില്ലെന്നുമുള്ള വികാരമാണ് യൂണിയനുകള്‍ക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പ്രതികാര നടപടിയായി സ്ഥലംമാറ്റുന്നുവെന്നും യൂണിയനുകള്‍ ആരോപണമുന്നയിക്കുന്നുണ്ട്. സ്ഥലംമാറ്റം കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണ് ശ്രമമെന്ന് യൂണിയനുകള്‍ വാദിക്കുന്നു.

TAGS :

Next Story