സി.പി.എമ്മില്‍ വീണ്ടും ലൈംഗിക പീഡന പരാതി: മണ്ണാര്‍ക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍
പാര്‍ട്ടി പ്രവര്‍ത്തക നല്കിയ പരാതിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമായ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലുള്ളത്.
പാലക്കാട് മണ്ണാർക്കാട് സി.പി.എമ്മിൽ വീണ്ടും ലൈംഗിക പീഡന ആരോപണം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമായ പ്രാദേശിക നേതാവിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റു ചെയ്തു.
സി.പി.എം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐകോട്ടോപ്പാടം മേഘലാ ജോയിന്റ് സെക്രട്ടറിയുമായ വിജേഷാണ് അറസ്റ്റിലായത്. സി.പി.എമ്മിന്റെ ഒരു വനിതാ നേതാവിന്റെ ഡ്രൈവർ കൂടിയാണ് അറസ്റ്റിലായ വിജേഷ്. വർഷങ്ങളായി വിജേഷ് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് സി.പി.എം കാരിയായ പരാതിക്കാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് ഇന്നലെ വൈകിട്ട് നാട്ടുകല്‍ പൊലീസ് വിജേഷിനെ കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പി.കെ ശശി വിവാദത്തിൽ പ്രതിരോധത്തിലായ പാലക്കാട്ടെ സി.പി.എമ്മിന് മണ്ണാർക്കാട് ഏരിയയിൽ നിന്നു തന്നെ വീണ്ടും ലൈംഗിക പീഡന വിവാദം ഉയർന്നത് രാഷ്ട്രീയമായും സംഘടനാ തലത്തിലും വലിയ തിരിച്ചടിയാണ്.
Adjust Story Font
16