അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്; ഓം പ്രകാശിനെയും പത്താം പ്രതി പ്രശാന്തിനേയും വെറുതെവിട്ടു
തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെയും പത്താം പ്രതി പ്രശാന്തിനേയും ഹൈക്കോടതി വെറുതെവിട്ടു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ഒന്‍പതും പത്തും പ്രതികളായ ഓംപ്രകാശ്, പ്രശാന്ത് എന്നിവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഇരുവര്‍ക്കുമെതിരെയുള്ളത് തെളിവുകൾ നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ മറ്റ് പ്രതികളായ പ്രതീഷ്, കൃഷ്ണകുമാര്‍, അരുണ്‍, വേണുക്കുട്ടന്‍ എന്നിവര്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. ഓം പ്രകാശിനേയും പ്രശാന്തിനേയും ശിക്ഷിക്കാന്‍ കീഴ്‍കോടതി പരിഗണിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. കൊലപാതക ഗൂഢാലോചന തെളിയിക്കാനായില്ല. ഹാരജാക്കിയ ഫോണ്‍ രേഖകള്‍ പ്രതികളുമായുള്ള ഓം പ്രകാശിന്റെ ബന്ധം തെളിയുന്നില്ല. പ്രാഥമിക മൊഴിയിലും മറ്റ് പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടിലും ഓംപ്രകാശിന്റെ പേരില്ലെന്നും ഹൈക്കോടതി കണ്ടെത്തി. പതിനൊന്ന് കൊല്ലം മുന്‍പ് ഫെബ്രുവരി 20 നാണ് തിരുവനന്തപുരം ചാക്കയില്‍ വച്ച് കൃഷ്ണകുമാറിന്റെ കാറിന് നേരെ ബോംബെറിയുന്നത്. ഇറങ്ങിയോടിയ കൃഷ്ണകുമാറിനെ വെട്ടിക്കൊലപ്പെടുത്തി. ഓം പ്രകാശ് ഉള്‍പ്പടെ കേസില്‍ പന്ത്രണ്ട് പ്രതികളായിരുന്നു.
Adjust Story Font
16