കണ്ണൂരിലെ മാലമോഷണം; പ്രവാസി മലയാളിയെ ജയിലിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു
സിസി ടിവിയില്‍ രൂപ സാദൃശ്യമുണ്ടെന്ന് ആരോപിച്ച് കതിരൂര്‍ സ്വദേശി താജൂദ്ദീനെ ജയിലിലിട്ടത് 53 ദിവസം
മാല മോഷണം ആരോപിച്ച് കണ്ണൂര്‍ കതിരൂരില്‍ പ്രവാസി മലയാളിയെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. സിസിടിവിയിലെ രൂപസാദൃശ്യം വെച്ചാണ് ചക്കരക്കല്ല് പൊലീസ് കതിരൂര്‍ സ്വദേശി താജുദ്ദീനെ അറസ്റ്റ് ചെയ്ത് 53 ദിവസം ജയിലിലിട്ടത്.
പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച താജുദ്ദീന്‍ താന്‍ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. ഖത്തറില്‍ റെന്‍റ് എ കാര്‍ ബിസിനസ് നടത്തിയിരുന്ന കതിരൂര്‍ സ്വദേശി താജുദ്ദീനെ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയതിനിടെയാണ് പൊലീസ് പിടികൂടുന്നത്.
പ്രദേശവാസിയായ വീട്ടമ്മയുടെ മാലപൊട്ടിച്ചുവെന്നാരോപിച്ചായിരന്നു അറസ്റ്റ്. സമീപത്തുണ്ടായിരുന്ന സിസിടിവികളില്‍ കണ്ട വെള്ള ആക്ടീവ സ്കൂട്ടറില്‍ പോകുന്ന കഷണ്ടിക്കാരന്‍ താജൂദ്ദീനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. നിരപരാധിത്വം തെളിയിക്കാനായി താജുദ്ദീനും കുടുംബവും പല വഴികളും നോക്കിയെങ്കിലും നടന്നില്ല. 53 ദിവസം തലശ്ശേരി സബ് ജയിലില്‍ റിമാന്‍റില്‍ കഴിഞ്ഞതിന് ശേഷം ഹൈക്കോടതിയില്‍ നിന്നും താജുദ്ദീന് ജാമ്യം കിട്ടി.
താന്‍ നിരപരാധിയാണെന്നും അകാരണമായി ജയിലിലടച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന പരാതിയുമായി താജുദ്ദീനും കുടുംബവും ഡിജിപിയെ കണ്ടു. ഇക്കാര്യം നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിജിപിയുടെ നിര്‍ദേശമനുസരിച്ച് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്ന് വരികയാണ്. ഇതിനിടെ കേസ് ഒത്തുതീര്‍ക്കാന്‍ ചക്കരക്കല്ല് എസ്ഐയും സംഘവും ശ്രമിക്കുന്നുവെന്നാണ് വിഷയത്തില്‍ ഇടപെട്ട കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹീമിന്റെ പരാതി.
യഥാര്‍ത്ഥ പ്രതിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടും അന്വേഷണം നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ടി.വി ഇബ്രാഹീം എം.എല്‍.എ ആരോപിക്കുന്നു. മാത്രവുമല്ല തൊണ്ടിമുതലോ കൃത്യത്തിനുപയോഗിച്ചെന്ന് പറയുന്ന വാഹനമോ കണ്ടെത്താനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും പണവുമെല്ലാം പൊലീസ് പിടിച്ചുവെച്ചതിനാല്‍ താജുദ്ദീന്‍റെ ഖത്തറിലെ ബിസിനസും തകര്‍ന്ന അവസ്ഥയിലാണ്. ശാരീരികമായും മാനസികമായും തകര്‍ന്ന താജുദ്ദീന്‍ നീതി തേടി നിയമപോരാട്ടത്തിന്‍റെ വഴിയിലാണിപ്പോള്‍.
Adjust Story Font
16