ഭൂരഹിതര്‍ക്കായുള്ള ഭൂമിയില്‍ പ്രവേശിക്കാന്‍ വഴിയില്ലാതെ 13 കുടുംബങ്ങള്‍
മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് ഈ ദുരവസ്ഥ.
ഭൂരഹിതര്‍ക്കായി പഞ്ചായത്തില്‍ നിന്ന് അനുവദിച്ചു നല്‍കിയ ഭൂമിയില്‍ പ്രവേശിക്കാന്‍ വഴിയില്ലാതെ ദളിത് - ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പതിമൂന്നു കുടുംബങ്ങള്‍. മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് ഈ ദുരവസ്ഥ. ഒന്നര ദശാബ്ദം മുമ്പ് ലഭിച്ച ഭൂമിയില്‍ ഇപ്പോഴും ഒരു കൂര പോലും കെട്ടാനാവാതെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളില്‍ താമസിക്കുകയാണ് മലമ്പുഴയിലെ 13 കുടുംബങ്ങള്‍.
സ്വന്തമായി കിട്ടിയ ഭൂമിയില്‍ ഒരു വീടെന്ന സ്വപ്‌നം എങ്ങനെയെങ്കിലും യാഥാര്‍ത്ഥ്യമാക്കാനായി ശ്രമിച്ച കഥയാണ് മുസ്തഫയും സെലീനയും പറയുന്നത്. എന്നാല്‍ രണ്ടു പേര്‍ക്കും ലഭിച്ച ഭൂമിയില്‍ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം കിട്ടിയ ആദ്യ ഗഡുവും കയ്യിലെ പണവുമെല്ലാം ചേര്‍ത്ത് തറ പണിയാനേ കഴിഞ്ഞുള്ളൂ. വഴിയില്ലാത്തതു കൊണ്ട് ബാക്കി പണികളൊന്നും ചെയ്യാനായില്ല. 2001 ലും 02 ലുമായാണ് നിലവിലെ 12ആം വാര്‍ഡിലുള്ള 13 കുടുംബങ്ങള്‍ക്കായി 13ആം വാര്‍ഡില്‍ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്ന് 3 സെന്റ് വീതം അനുവദിച്ചത്. സ്വകാര്യ വ്യക്തിയില്‍ നിന്ന് പഞ്ചായത്ത് വഴി വാങ്ങി നല്‍കിയ ഭൂമി അനുവദിച്ചു കഴിഞ്ഞപ്പോഴാണ് ഇതാണ് സ്ഥലമെന്നും വഴിയില്ലെന്നുമൊക്കെ ഗുണഭോക്താക്കള്‍ അറിയുന്നത്.
പഞ്ചായത്ത് നല്‍കിയ ഭൂമിയിലേക്ക് പഞ്ചായത്ത് വഴിയുണ്ടാക്കിത്തരുമെന്ന പ്രതീക്ഷയിലായിരുന്നു കുറെക്കാലം. വാര്‍ഡ് പ്രതിനിധികള്‍ മുതല്‍ മുകളിലേക്കുള്ള ജനപ്രതിനിധികളെയെല്ലാം സമീപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. പണ്ട് മലമ്പുഴ ഡാമില്‍ ജോലിക്കായി കൊണ്ടു വന്നവര്‍ക്ക് നല്‍കിയിരുന്ന ജലസേചന വകുപ്പിന്റെ ഇടിഞ്ഞു പൊളിഞ്ഞ ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇവര്‍ ഇപ്പോഴും കഴിയുന്നത്. സ്വന്തം പേരില്‍ ഭൂമിയുള്ളതുകൊണ്ട് ഇനി മറ്റൊരു ഭൂമി ലഭിക്കുകയോ ഭൂമിയില്ലാത്തവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ചെയ്യില്ല. സ്വന്തമായി വേറെ ഭൂമി വാങ്ങാനുള്ള പണവുമില്ല.
Adjust Story Font
16