Quantcast

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര പന്തളത്ത്

യാത്രയില്‍നിന്ന് ജനാധിപത്യ രാഷ്ട്രീയസഭ വിട്ടുനില്‍ക്കും. സി.കെ ജാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കില്ല.

MediaOne Logo

Web Desk

  • Published:

    10 Oct 2018 5:54 AM GMT

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര പന്തളത്ത്
X

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണയാത്ര അല്‍പസമയത്തിനകം ആരംഭിക്കും. പത്തനംതിട്ട പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥയുടെ വിവിധ ഘട്ടങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ബി.ജെ.പി നേതാക്കളും ദേശീയ നേതാക്കളും പങ്കെടുക്കും. യാത്രയില്‍നിന്ന് ജനാധിപത്യ രാഷ്ട്രീയസഭ വിട്ടുനില്‍ക്കും. സി.കെ ജാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കില്ല.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍‌ക്ക് പ്രവേശനം അനുവദിച്ച വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ശബരിമല സംരക്ഷണയാത്രയുമായി എന്‍.ഡി.എ രംഗത്തെത്തുന്നത്. ഇന്ന് രാവിലെ പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്നാണ് ജാഥക്ക് തുടക്കം. ശബരിമലയിലെ വിവിധ ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഭക്തസമൂഹങ്ങളുടെ പ്രതിനിധികളും എന്‍.ഡി.എ സംസ്ഥാന നേതാക്കളും ചേര്‍ന്ന് ജാഥ ഉദ്ഘാടനം ചെയ്യും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിളളയാണ് ജാഥ നയിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി, ബി.ജെ.പി തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൌന്ദരരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ടയിലെ പര്യടനം വൈകീട്ട് അടൂരില്‍ അവസാനിക്കും. നാളെ ആലപ്പുഴയിലെ നൂറനാട് നിന്നും കായംകുളം വരെയും 12 ന് കൊല്ലം ചവറയില്‍ നിന്നും കൊട്ടിയം വരെയും 14 ന് തിരുവനന്തപുരം ആറ്റിങ്ങല്‍ മുതല്‍ കഴക്കൂട്ടം വരെയും ജാഥ പര്യടനം നടത്തും. സമാപന ദിനമായ 15 ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടറിയേറ്റ് കവാടത്തിലേക്കും ജാഥ പര്യടനം നടത്തും. 17 ന് നിലയ്ക്കലില്‍ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉപവാസ സത്യഗ്രഹവും ബി.ജെ.പി സംഘടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story