കേരള പുനര്‍നിര്‍മ്മാണ ഫണ്ട്; മന്ത്രിമാരുടെ വിദേശ യാത്രക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍
നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമേ വിദേശത്തേക്ക് പോകാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളു. അതും വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കരുതെന്ന വ്യവസ്ഥകളോടെ.
കേരള പുനര്‍നിര്‍മാണ ഫണ്ട് ശേഖരണത്തിനുള്ള വിദേശ യാത്രക്ക് മന്ത്രിമാര്‍ക്ക് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ യാത്ര തടഞ്ഞാല്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. കേന്ദ്ര അനുമതി നാളെ കിട്ടുമെന്ന് മന്ത്രി ഇ.പി ജയരാജനും പ്രതീക്ഷ പ്രകടിപ്പിച്ചു.
പുനര്‍നിര്‍മ്മാണത്തിന്റെ ധനസമാഹരണത്തിന് 17 മുതല്‍ 21 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമേ വിദേശത്തേക്ക് പോകാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളു. അതും വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കരുതെന്ന വ്യവസ്ഥകളോടെ. മറ്റ് മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്.
വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പങ്ക് വയ്ക്കുന്നത്. എന്നാല്‍ മന്ത്രിമാരെ ക്ഷണിച്ച സംഘടനകളെ കുറിച്ച് അനുകൂല റിപ്പോര്‍ട്ട് എംബസികള്‍ നല്‍കാത്തതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനാണ് യാത്ര നിശ്ചയിച്ചതെന്നും അത് കൊണ്ട് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
മന്ത്രിമാര്‍ വിദേശത്ത് പോകുന്നത് പണം പിരിക്കാനല്ല പ്രവാസികളുടെ സഹായം ഉറപ്പ് വരുത്താനാണെന്ന് വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ലെങ്കില്‍ അതിനെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് മുന്നണി നീക്കം. നേരത്തെ യു.എ.ഇയുടെ സഹായം വാങ്ങാന്‍ അനുമതി നല്‍കാതിരുന്ന കേന്ദ്രം മന്ത്രിമാര്‍ക്കുള്ള യാത്രാനുമതി നല്‍കാത്തത് കൂടി ചൂണ്ടികാട്ടി ബി.ജെ.പിക്കെതിരെ രാഷ്രീയമായി ഉപയോഗിക്കാനാണ് മുന്നണിയുടെ ആലോചന.
Adjust Story Font
16