ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധം കനക്കവെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. സുപ്രീം കോടതിയില്‍ പുനപരിശോധന ഹരജി നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. പുന:പരിശോധന ഹരജി നല്‍കുന്നതിന് ബോര്‍ഡ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ബോര്‍ഡ് റിവ്യൂ ഹരജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെചൊല്ലി ശബരിമല സംഘര്‍ഷഭരിതമായ അവസരത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പരിശോധന ഹരജി നല്‍കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ തന്ത്രി കുടുംബവും പന്തളം കുടുംബവും പങ്കെടുത്ത യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നെങ്കിലും ഇന്ന് തീരുമാനമെടുക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ മറുപടി. പ്രതിഷേധത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ പുന:പരിശോധന ഹരജി നല്‍കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡെന്ന് പ്രസിഡന്റിന്റെ വാക്കുകളില്‍ വ്യക്തം.
കോടതി വിധി നടപ്പാക്കുമെന്നും പുനപരിശോധന ഹരജി നല്‍കില്ലെന്നും ആവര്‍ത്തിച്ച സര്‍ക്കാരും ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഉച്ചക്ക് മൂന്നുമണിക്ക് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് യോഗം.
Adjust Story Font
16