കിണാച്ചേരിയില്‍ വീണ്ടും ഉരുൾപൊട്ടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
കഴിഞ്ഞ മാസം 17 ന് ആണ് കിണാച്ചേരി വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. 400 അടിയോളം ഉയരത്തിൽ നിന്ന് പടുകൂറ്റൻ മരങ്ങളും പാറക്കല്ലുകളുമാണ് ചെളിവെള്ളത്തിനൊപ്പം ജനവാസകേന്ദ്രത്തിലേക്ക് പതിച്ചത്.
ഉരുൾപൊട്ടലില്‍ വൻ നാശനഷ്ടമുണ്ടായ എറണാകുളം കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കിണാച്ചേരിയില്‍ വീണ്ടും ഉരുൾപൊട്ടാന്‍ സാധ്യതയെന്ന് ജിയോളജിക്കൽ സംഘം. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സംഘം കിണാച്ചേരി മലയിൽ എത്തി നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലിനും, മണ്ണൊലിപ്പിനും സാധ്യതയുള്ളതായി കണ്ടെത്തിയത്.
കഴിഞ്ഞ മാസം 17 ന് ആണ് കിണാച്ചേരി വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. 400 അടിയോളം ഉയരത്തിൽ നിന്ന് പടുകൂറ്റൻ മരങ്ങളും പാറക്കല്ലുകളുമാണ് ചെളിവെള്ളത്തിനൊപ്പം ജനവാസകേന്ദ്രത്തിലേക്ക് പതിച്ചത്. നാല് കുടുംബങ്ങളുടെ ഏക വരുമാനമാർഗമായിരുന്ന കൃഷിയിടം ഉൾപ്പെടെ ആറ് ഏക്കർ സ്ഥലമാണ് ഒലിച്ചുപോയത്. പാറകെട്ടിലൂടെ ഇപ്പോഴും ശക്തമായി ഒഴുകുന്ന വെള്ളവും, മണ്ണിന്‍റെ ബലക്കുറവും മണ്ണൊലിപ്പിന് സാധ്യത കൂട്ടുന്നു. വനത്തിനുള്ളിൽ കിലോമീറ്ററുകളോളം വിള്ളൽ ഉണ്ടായതു കാരണം വീണ്ടും മലയിടിച്ചിലിനുള്ള സാധ്യത ഉള്ളതായാണ് വിലയിരുത്തൽ.
കിണാച്ചേരി പ്രദേശത്ത് 60- ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. വനത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ താഴ് വരയിലുള്ള നിരവധി കുടുംബങ്ങൾ ഇവിടെ നിന്ന് ഒഴിഞ്ഞു പോയിരുന്നു. തുലാവർഷമഴയിൽ രണ്ടാഴ്ച മുമ്പ് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തതോടെ പ്രദേശവാസികൾ വീട് ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറിയിരുന്നു. മറ്റൊരു വാസസ്ഥലം കണ്ടെത്താൻ നിവൃത്തിയില്ലാത്തവർ ജീവൻ പണയം വച്ച് ഭയാശങ്കകളോടെ ഈ പ്രദേശങ്ങളിൽ ഇപ്പോഴും കഴിച്ചുകൂട്ടുകയാണ്. കോതമംഗലം പ്രദേശത്ത് വിവിധയിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ പ്രദേശങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്ന് സംഘം വ്യക്തമാക്കി.
Adjust Story Font
16