തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു. ഡിസംബര്‍ 31 ഓടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചു. ചിലവ് ചുരുക്കി നടത്തണമെന്ന നിര്‍ദേശം യോഗത്തില്‍ ജീവനക്കാര്‍ മുന്നോട്ട് വെച്ചു. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനായി നാളെ മാനേജ്‌മെന്റ് കോഴിക്കോട് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യ നിഷേധമാണ് കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് മാനേജ്‌മെന്റ് നിലപാട്.
ഇന്ന് പത്രത്തിന് അവധി നല്‍കി മുഴുവന്‍ ജീവനക്കാരുടേയും യോഗം വിളിച്ചാണ് പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനം മാനേജ്‌മെന്റ് അറിയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തേജസിന് നല്‍കുന്നില്ല. ഇതോടെ പൊതു പരസ്യങ്ങളും കുറഞ്ഞു. ഈ സാഹചര്യത്തില്‍ പത്രം നടത്തി കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് പോപുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ നിലപാട്. ഇതിന് സംഘടന കൂടി അംഗീകാരം നല്‍കി. പോപുലര്‍ ഫ്രണ്ട് നേതാവ് നസ്‌റുദ്ദീന്‍ എളമരമാണ് തീരുമാനം ജീവനക്കാരുടെ യോഗത്തില്‍ അറിയിച്ചത്.
ശമ്പളം വെട്ടികുറയ്ക്കുന്നതടക്കമുള്ള ബദല്‍ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റ് തലത്തിലെ ധാരണ. തേജസ് ദൈ്വവാരിക വാരികയാക്കി മാറ്റുകയും ഓണ്‍ലൈന്‍ എഡിഷന്‍ സജീവമായി നിലനിര്‍ത്താനുമാണ് തീരുമാനം. ജീവനക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നാണ് മാനേജ്‌മെന്റിന്റെ ഉറപ്പ്. 2006 ജനുവരി 26ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന് കോഴിക്കോടിന് പുറമേ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എഡിഷനുകളാണുള്ളത്. സൗദി, ഖത്തര്‍ എഡിഷനുകള്‍ നേരത്തെ നിര്‍ത്തിയിരുന്നു.
Adjust Story Font
16