തുലാമാസ പൂജകള്‍ക്ക് ഇന്ന് സമാപനം; സന്നിധാനം കനത്ത സുരക്ഷാവലയത്തില്‍
10 നും 50 നും ഇടയിൽ പ്രായമുള്ള യുവതികൾക്കും സന്നിധാനത്ത് പ്രവേശിക്കാമെന്ന സുപ്രീം കോടതി വന്നതിന് ശേഷമുള്ള ആദ്യ തീർത്ഥാടന കാലമാണ് സമാപിക്കുന്നത്.
തുലാമാസ പൂജകളുടെ സമാപനദിനമായ ഇന്ന് സന്നിധാനം കനത്ത സുരക്ഷാവലയത്തിൽ. യുവതികൾ പ്രവേശിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരിക്കുന്നത്. അതേസമയം സന്നിധാനത്ത് എത്താനാഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ഐ.ജി എസ്. ശ്രീജിത്ത് വ്യക്തമാക്കി
10 നും 50 നും ഇടയിൽ പ്രായമുള്ള യുവതികൾക്കും സന്നിധാനത്ത് പ്രവേശിക്കാമെന്ന സുപ്രീം കോടതി വന്നതിന് ശേഷമുള്ള ആദ്യ തീർത്ഥാടന കാലമാണ് സമാപിക്കുന്നത്. കോടതിവിധിയുടെ പിൻബലത്തിൽ സന്നിധാനത്തേക്ക് എത്താൻ ശ്രമിച്ച യുവതികൾക്കാർക്കും പ്രതിഷേധക്കാരെ മറികടന്ന് നടപ്പന്തൽ കടക്കാനായില്ല. ഇന്നലെ മാത്രം നൂറുകണക്കിന് പ്രതിഷേധക്കാരാണ് സന്നിധാനത്ത് എത്തി തമ്പടിച്ചിരിക്കുനത്. ഇവർക്ക് നിർദേശങ്ങൾ നൽകുന്നതിന് സംസ്ഥാനതല നേതൃത്വവും സന്നിധാനത്ത് ഉണ്ട്. അതേസമയം സുരക്ഷ കർക്കശമാക്കിയിട്ടുണ്ടെന്ന് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു
മേൽശാന്തി, തന്ത്രി തുടങ്ങിയവരുമായി ഐ ജി നേരത്തെ കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ ബോധിപ്പിക്കുകയും ചെയ്തു. പടിപൂജ വിളിച്ചുചൊല്ലി, പ്രായശ്ചിത്തം തുടങ്ങി പ്രത്യേക ചടങ്ങുകൾ സമാപന ദിനത്തിൽ നടക്കും. രാത്രി 10 മണിയോടെ ഹരിവരാസനം പാടി നട അടക്കും.
അതിനിടെ നിയുക്ത ശബരിമല മേൽശാന്തി വാസുദേവൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി നാരായണൻ നമ്പൂതിരിയും ശബരിമലയിൽ ദർശനം നടത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇരുവരും സന്നിധാനത്ത് എത്തിയത്. നിലവിലുള്ള മേൽശാന്തിമാരെയും തന്ത്രിയേയും ഇരുവരും സന്ദർശിച്ചു. ശബരിമലയിലെ നിലവിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16