ഉമ്മയെ കാണാൻ കർശന നിബന്ധന വെച്ച് കോടതി; നിബന്ധനയോടെ കാണാനാകില്ലെന്ന് മഅ്ദനി
അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മുന്നില്‍ കര്‍ശന നിബന്ധന വെച്ച് കോടതി. ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണകോടതിയില്‍ നൽകിയ ഹരജിയിലായിരുന്നു കർശന നിബന്ധനകളോടെ ഉമ്മയെ കാണാൻ അനുവദിച്ച് കോടതി ഉത്തരവിറക്കിയത്. കർശന ഉപാധികളോടെയുള്ള പുറത്തിറങ്ങൽ അസാധ്യമാണെന്ന് പറഞ്ഞ മഅ്ദനി ഉമ്മയെ കാണാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഒരു മാധ്യമങ്ങളോടും, പാർട്ടി പ്രവർത്തകരോടും സംസാരിക്കരുത് എന്ന കര്‍ശന നിബന്ധനയാണ് കോടതി മുന്നോട്ട് വെച്ചത്.
‘ഒരു മാധ്യമങ്ങളോടും, പാർട്ടി പ്രവർത്തകരോടും സംസാരിക്കരുത് എന്ന കോടതി വിധി അംഗീകരിക്കാൻ പ്രയാസകരമാണ്, തന്റെ കൂടെയുള്ളവർ പി.ഡി.പി പ്രവർത്തകരാണ്, വീട്ടുകാരും കുടുംബക്കാരും വിവിധ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരാണ്. ഇങ്ങനെയൊരു വിധിയുമായി വീട്ടിലെത്തിയാൽ അവരോട് സംസാരിച്ച് പോയാൽ അത് കോടതിയ ലക്ഷ്യമാകും. എന്നെ മനഃപൂർവം പ്രയാസപ്പെടുത്തുന്ന ഇത്തരത്തിലുള്ള തീരുമാനം അംഗീകരിച്ച് വരാൻ പ്രയാസകരമാണ്’ മഅദനി പറഞ്ഞു.
ഈ മാസം 28 മുതൽ നവംബർ 4 വരെയാണ് നേരത്തെ കോടതി സന്ദർശനാനുമതി നല്‍കിയത്. കഴിഞ്ഞ കുറേക്കാലമായി അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാ ബീവിക്ക് രോഗം മൂര്‍ച്ഛിക്കുകയും ശരീരത്തിന്‍റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ഹരജി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ച കേരളത്തിലെത്താനാണ് മഅ്ദനി അനുമതി തേടിയിരുന്നത്.
Adjust Story Font
16