മഅ്ദനി മാതാവിനെ സന്ദർശിച്ചു
കേരളത്തിലെത്തുന്നതിന് വിചാരണ കോടതി കര്‍ശന വ്യവസ്ഥ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടിയാണ് മഅദനിയെ സ്വീകരിച്ചത്.
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി അസുഖബാധിതയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിച്ചു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് മാതാവ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലെത്തുന്നതിന് വിചാരണ കോടതി കര്‍ശന വ്യവസ്ഥ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടിയാണ് മഅദനിയെ സ്വീകരിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് അബ്ദുനാസർ മഅ്ദനിയുടെ മാതാവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മയെ കാണാൻ കോടതി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെത്തിയത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനി റോഡ് മാർഗം ശാസ്താം കോട്ട പത്മാവതി ആശുപത്രിയിലെത്തി. രണ്ട് മണിക്കൂറോളം മാതാവിനൊപ്പം ചിലവഴിച്ച മഅദനി അൻവാർശ്ശേരിയിലേക്ക് മടങ്ങി.
മഅദനിയുടെ അപേക്ഷ പ്രകാരം സുരക്ഷയ്ക്കായി 12 അംഗ പൊലീസ് സംഘത്തെ ബംഗളൂരു പൊലീസ് നിയോഗിച്ചിട്ടുണ്ട്. ഇവർ റോഡ് മാർഗം മഅദനിയുടെ സ്വദേശമായ കരുനാഗപ്പള്ളി അൻവാർശേരിയിൽ എത്തും. ഇതിനായി പൊലീസുകാരുടെ പ്രതിദിന ബാറ്റയും വാഹനച്ചെലവും ഉൾപ്പെടെ 1,76,600 രൂപ മഅദനി മുൻകൂറായി കെട്ടിവച്ചിരുന്നു. അടുത്ത മാസം നാല് വരെ കേരളത്തിൽ കഴിയാനാണ് കോടതി അനുമതി നൽകിയത്. നവംബര്‍ നാലിന് വിമാനമാർഗം മഅ്ദനി കർണാടകയിലേക്ക് മടങ്ങും.
Adjust Story Font
16