വിടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് മുല്ലപ്പള്ളി
രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വിടി ബല്‍റാമിന്റെ നടപടി തെറ്റാണ്. അച്ചടക്കമില്ലാതെ ആള്‍ക്കൂട്ടമായി മുന്നോട്ടു പോകാനാവില്ല. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് മനസ്സിലാക്കണം
ശബരിമല വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വി.ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കാന്‍ കെ.പി.സി.സി തീരുമാനം. രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത നടപടി തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെക്കുറിച്ച് വിശദീകരണവുമായി ഇന്നും നേതാക്കള്‍ രംഗത്തെത്തി.
അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ഓര്‍മിപ്പിച്ചാണ് വി.ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കാനുള്ള തീരുമാനം കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചത്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം മനസിലാക്കണം. രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്തത് തെറ്റാണ്.
വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടേ എടുക്കാന്‍ കഴിയൂ എന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നിലപാടെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നു തന്നെയാണ് രാഹുല്‍ ഗാന്ധിയും അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് മുല്ലപ്പള്ളി. മതേതര ജനാധിപത്യ ഐക്യത്തിന് തടസ്സമായി നില്‍ക്കുന്നത് സി.പി.എം കേരള ഘടകവും കേരള മുഖ്യമന്ത്രിയുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ പാര്‍ട്ടിയില്‍ ഇനി ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ഇക്കാര്യത്തില്‍ സുധാകരനടക്കമുള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതാണെന്നും മുല്ലപ്പളളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി പറഞ്ഞത് എ.ഐ.സി.സി ആദ്യം സ്വീകരിച്ച നിലപാട് തന്നെയാണെന്ന് രമേശ് ചെന്നിത്തലയും വിശദീകരിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേരള ഘടകത്തിന്റെ തീരുമാനത്തിന് വിരുദ്ധമല്ലെന്നാണ് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
Adjust Story Font
16