Quantcast

കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം; രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് 

കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബെന്ന് രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    3 Nov 2018 6:53 AM GMT

കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം; രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് 
X

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്ത്. ഡെപ്യൂട്ടേഷന്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സൗത്ത്‌ ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജറായിരുന്ന കെ.ടി അദീബിനാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബെന്ന് രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പറഞ്ഞിരുന്ന യോഗ്യത എം.ബി.എയും മൂന്ന് വര്‍ഷ പരിചയവുമാണ്. പിന്നീട് 18-08-2016ല്‍ പ്രത്യേക ഉത്തരവിറക്കി യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കില്‍ പി.ജി.ഡി.ബി.എയും മൂന്ന് വര്‍ഷം പരിചയമുള്ളവര്‍ക്കും കൂടി അപേക്ഷിക്കാമെന്നതായിരുന്നു മാറ്റം. നിയമനം ലഭിച്ച കെ.ടി അദീബിന്റെ യോഗ്യതയാണിത്. അപേക്ഷ ക്ഷണിച്ചപ്പോള്‍ ഡെപ്യൂട്ടേഷന്‍ നിയമനമെന്നാണ് പറഞ്ഞിരുന്നത്.

പക്ഷെ നിയമനം ലഭിച്ച അദീബ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ള ആളായിരുന്നില്ല. സൗത്ത്‌ ഇന്ത്യന്‍ ബാങ്കിലെ കോഴിക്കോട് റീജ്യണല്‍ ഓഫീസിലെ സീനിയര്‍ മാനേജറായിരുന്നു അദീബെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. അദീബിന് നിയമനം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് സൗത്ത്‌ ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍ക്കും പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.ആര്‍ ദിലീപ് കുമാര്‍ അയച്ചിട്ടുണ്ട്. ഇതിലും അസ്വാഭാവികതയുണ്ടന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.

ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ്

ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണറെ കാണുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുവിന് നിയമനം നൽകിയതെന്ന വാദം ശരിയല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.

TAGS :

Next Story