Quantcast

അയ്യപ്പഭക്തന്റെ മരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട ളാഹയില്‍ മരിച്ച അയ്യപ്പഭക്തന്‍ ശിവദാസന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

MediaOne Logo

Web Desk

  • Published:

    2 Nov 2018 4:09 PM GMT

അയ്യപ്പഭക്തന്റെ മരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
X

ശബരിമലയില്‍ പോയി മടങ്ങിയ ശിവദാസന്‍ മരിച്ചത് തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനം ഏറ്റിട്ടില്ലെന്നും വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജവാര്‍ത്തകളുണ്ടാക്കി ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മരണത്തിന് ഉത്തരവാദി പൊലീസാണെന്ന വാദം ബി.ജെ.പിയും ആവര്‍ത്തിച്ചു.

കഴിഞ്ഞ മാസം 19ന് ശബരിമലയില്‍ പോയി മടങ്ങവേ കാണാതായ ശിവാദസന്റെ മൃതദേഹം ഇന്നലെയാണ് ളാഹയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും സംഘപരിവാര്‍ സംഘടനകളും ആരോപിച്ചിരുന്നത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്.

ഉയരത്തില്‍ നിന്നുള്ള വീഴ്ചയാകാം ഇതിന് കാരണമെന്നും പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമോ വിഷം ഉള്ളില്‍ ചെന്നതായോ കണ്ടെത്താനായിട്ടില്ല. ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം ഏതു വിധേനയും ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയിലെ ബി.ജെ.പി ഹര്‍ത്താല്‍ ഇതിന് തെളിവാണെന്നും കടകംപള്ളി വ്യക്തമാക്കി. ശിവദാസിന്‍റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥന ജന.സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപകട മരണമാണെന്നും കണ്ടെത്തിയിട്ടുണ്ടെങ്കിലും പൊലീസിനെതിരെ ശക്തമായ സമരപരിപാടികള്‍ വിഷയത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാനാണ് ബി.ജെ.പി അടക്കം ശ്രമിക്കുന്നത്.

TAGS :

Next Story