Quantcast

തുലാവര്‍ഷമെത്തി; സംസ്ഥാനത്ത് ഒരാഴ്ച്ച ശക്തമായ മഴ

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഡാമുകള്‍ തുറന്നു.

MediaOne Logo

Web Desk

  • Published:

    3 Nov 2018 3:16 PM GMT

തുലാവര്‍ഷമെത്തി; സംസ്ഥാനത്ത് ഒരാഴ്ച്ച ശക്തമായ മഴ
X

ഇത്തവണ ലഭിച്ചത് 35 ശതമാനം അധികം വേനല്‍ മഴ

സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. വരുന്ന ഒരാഴ്ച സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ ലഭിക്കും. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഡാമുകള്‍ തുറന്നു.

സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് സംസ്ഥാനത്തെത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടായ ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവും തുലാമഴ വൈകാന്‍ കാരണമായി. ഇന്നലെ വൈകിട്ട് മുതലാണ് തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായുണ്ടായത്. ഇടിയോടെ കൂടിയ മഴ രാത്രിയും നിര്‍ത്താതെ പെയ്തു. അഗസ്ത്യവനമേഖലയില്‍ ശക്തമായ മഴ പെയ്തതിനാല്‍ ജില്ലയിലെ 3 ഡാമുകള്‍ തുറന്നു.

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടരയടി വീതം ഉയര്‍ത്തി. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കി. അരുവിക്കര ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു. 46.6 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള ഡാമില്‍ 46.58 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. പേപ്പാറ ഡാമിന്റെ ഒരുഷട്ടറും തുറന്നിട്ടുണ്ട്. 108 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 107.50 മീറ്റര്‍ പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്.

ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകും ഷട്ടറുകള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുന്നത്. ഡിസംബര്‍ അവസാനം വരെ തുലാവര്‍ഷം ലഭിക്കുമെന്നാണ് വിലയരുത്തല്‍.

TAGS :

Next Story